പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം

തൃശൂര്‍; പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ജലനിരപ്പ് 419.4 മീറ്ററായി ഉയര്‍ന്നതോടെയാണ് ഡാം തുറന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഡാം പരിസരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

419.24 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. ഡാമിന്റെ ഏഴ് സ്പില്‍വേ ഗേറ്റിലൂടെയാണ് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നത്. പ്രദേശവാസികളോട് പുഴയില്‍ ഇറങ്ങരുതെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജലനിരപ്പ് 417 മീറ്ററായപ്പോഴാണ് ബ്ലു അലര്‍ട്ടും 418 മീറ്ററായപ്പോള്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. തൃശൂര്‍, എറണാകുളം ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചാലക്കുടി പുഴയില്‍ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കലക്ടര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്.

എറണാകുളം ജില്ലയില്‍ ചാലക്കുടിപ്പുഴയുടെയും കൈവഴികളുടെയും സ്വാധീന പഞ്ചായത്തുകളായ അയ്യമ്പുഴ, മഞ്ഞപ്ര, കറുകുറ്റി, പാറക്കടവ്, പുത്തന്‍വേലിക്കര, കുന്നുകര, കരുമാല്ലൂര്‍, നെടുമ്പാശേരി, ചേന്ദമംഗലം, ചെങ്ങമനാട്, വടക്കേക്കര, ചിറ്റാറ്റുകര, മൂത്തകുന്നം, നഗരസഭകളായ വടക്കന്‍ പറവൂര്‍, അങ്കമാലി എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.

SHARE