പെരിയ ഇരട്ടകൊലപാതകം; സിബിഐ അന്വേഷണത്തിന് തടയിടാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ വകയിരുത്തുന്നത് വിവാദമാവുന്നു

സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വിധി പറയാന്‍ മാറ്റി

കൊച്ചി: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വിധി പ്രസ്താവിക്കാനായി മാറ്റി. കേസിന്റെ അന്വേഷണം തുടരുന്നതിനു സന്നദ്ധമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്നു വ്യക്തത കിട്ടാന്‍ കാത്തു നില്‍ക്കുകയാണെന്നും സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചു.

കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ബഞ്ച് വിധിയില്‍ ഹരജിക്കാര്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചിരുന്നു. കോടതിയലക്ഷ്യ ഹരജി പരിഗണിച്ച തൊട്ടടുത്ത ദിവസം തന്നെ സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ എഫ്.ഐ.ആര്‍ രജിസറ്റര്‍ ചെയ്തിരുന്നു. ഇപ്പോള്‍ അന്വേഷത്തിന്റെ അവസ്ഥയെന്താണെന്നു കോടതി ആരാഞ്ഞു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നു അന്വേഷണം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ലെന്നും സി.ബി.ഐ അറിയിച്ചു. കോടതിയില്‍ നിന്നു അന്വേഷണം സംബന്ധിച്ച കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അതിനു ശേഷമേ മുന്നോട്ടു പോകാനാവൂവെന്നും സി.ബി.ഐ ബോധിപ്പിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്നു കൊല്ലപ്പട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും അഭിഭാഷകന്‍ ടി ആസഫലി കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ തന്നെ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതു ഭരണകക്ഷിയുടെ മുതിര്‍ന്ന നേതാക്കളിലേക്ക് ഗൂഡാലോചനയുടെ പങ്കെത്തുമെന്ന ഭയത്തില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിലെ നിരവധി പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ ഇത്ര ശക്തമായി എതിര്‍ക്കുന്നതിനു എന്തിനാണെന്നും അദ്ദേഹം ആരാഞ്ഞു. നിലവിലുള്ള കുറ്റപത്ര പ്രകാരം പ്രതികളില്‍ പലരും വിചാരണ കോടതിയില്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചു തന്നെ രക്ഷപ്പെടാനിടയാകുമെന്നും ആസഫലി വ്യക്തമാക്കി. രണ്ടു യുവാക്കള്‍ ദാരുണമായാണ് കൊല്ലപെട്ടതു ഇതു അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കേസ് സി.ബി.ഐ അന്വേഷണത്തിനു വിട്ടു ശരിയായ വിചാരണ നടന്നില്ലെങ്കില്‍ വടക്കന്‍ കേരളത്തിലെ സ്ഥിതിഗതികള്‍ മോശമാകുമെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു. പോലിസ് കണ്ടെത്തിയതിനു പുറമേ സി.ബി.ഐ മറ്റൊന്നും കണ്ടെത്തിയില്ലെങ്കിലും സി.ബി.ഐ അന്വേഷണത്തെ മാനിക്കാന്‍ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ സന്നദ്ധമാണെന്നും സി.ബി.ഐ അന്വേഷണം ഭരണകക്ഷിയില്‍പ്പെട്ടവരെ ബാധിക്കില്ലെങ്കില്‍ എന്തിനാണ സി.ബി.ഐ അന്വേഷമണത്തെ സര്‍ക്കാര്‍ തടയുന്നതെന്നും ആസഫലി ചോദ്യമുന്നയിച്ചു.

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസറ്റിസ് സി ടി രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍സിങും സി.ബി.ഐക്കുവേണ്ടി എസ്.അജിത്കുമാര്‍ ശാസ്തമംഗലവും ഹാജരായി.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വെട്ടിക്കൊന്ന സംഭവത്തിന് പിന്നിലെ ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ടു കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കേസ് സിബിഐയില്‍ എത്തുന്നതിന് തടയിടാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ വകയിരുത്തുന്നത് വിവാദമാവുന്നു.

സിബിഐ അന്വേഷണത്തിനെതിരെ വാദിക്കാനായി പുറത്തുനിന്നു കൊണ്ടുവന്ന അഭിഭാഷകനു വീണ്ടും സര്‍ക്കാര്‍ 20 ലക്ഷം രൂപ വകയിരുത്തിയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവു സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ ഹൈക്കോടതിയില്‍ വാദിക്കാനായി ഡല്‍ഹിയില്‍ നിന്നു കൊണ്ടുവന്ന അഭിഭാഷകനു സര്‍ക്കാര്‍ 25 ലക്ഷം രൂപ കഴിഞ്ഞ മാസം അനുവദിച്ചിരുന്നു.

വാദത്തിനിടെ സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ തിരിച്ചടിയായതോടെയാണു പകരം മറ്റൊരു അഭിഭാഷകനെ കൊണ്ടുവരുന്നത്. പുതിയ അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങിന് 20 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഒപ്പമെത്തുന്ന സഹായിക്ക് 1 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു.

മകനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെടുന്ന പിതാവിനെതിരെ വാദിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഇതുവരെ ആകെ അനുവദിച്ചത് 46 ലക്ഷം രൂപ. ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റിനും താമസത്തിനും ഭക്ഷണത്തിനുമൊക്കെയുള്ള ചെലവു വേറെ. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്.

SHARE