പെരിയാറില്‍ കരിങ്കല്ലു കെട്ടി താഴ്ത്തി സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് പൊലീസ്

ആലുവ: പെരിയാറില്‍ പുതപ്പിനുള്ളില്‍ പൊതിഞ്ഞ് കരിങ്കല്ലു കെട്ടി താഴ്ത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് കണ്ടെത്തി. 30 വയസ്സിനടുത്ത് പ്രായമുണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ആലുവ യു.സി. കോളേജിന് സമീപം പെരിയാറില്‍ മൃതദേഹം കണ്ടെത്തിയത്. മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവന്‍ സെമിനാരിയോട് ചേര്‍ന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടത്. മരക്കൂട്ടത്തില്‍ തടഞ്ഞു നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലില്‍ താഴ്ത്തിയ നിലയിലായിരുന്നു. മൃതദേഹം ഒഴുകി വന്ന് ഈ ഭാഗത്ത് തടഞ്ഞതാണെന്ന് കരുതുന്നു. വലതുകൈയ് ഉയര്‍ത്തിപ്പിടിച്ച നിലയിലാണ് മൃതദേഹം. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി മൃതദേഹം കെട്ടഴിക്കാനാകാത്തതിനാല്‍ ഇന്ന് രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്.

SHARE