കൊള്ള തുടരുന്നു; രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി

കോഴിക്കോട്: മൂന്നാഴ്ചയായി തുടരുന്ന ഇന്ധന വില വര്‍ദ്ധനവില്‍ ഒറ്റ ദിവസത്തെ മാറ്റത്തിന് പിന്നാലെ രാജ്യത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തി. കഴിഞ്ഞ 23 ദിവസത്തില്‍ ഇന്നലെ മാത്രമാണ് രാജ്യത്ത് ഇന്ധന വില കൂടാതിരുന്നത്. ലോക്ഡൗണ്‍ കാലമായ 82 ദിവസത്തിനുശേഷം എണ്ണ വിപണന കമ്പനികള്‍ ദിവസേന നിരക്ക് വര്‍ദ്ധന പുനരാരംഭിച്ച ജൂണ്‍ 7 ന് ശേഷം ആദ്യമായാണ് ഞായറാഴ്ച വില കൂടാതിരുന്നത്.

ഇന്ന് വീണ്ടും വില വര്‍ദ്ധിപ്പിച്ചതോടെ ഡല്‍ഹിയില്‍ പെട്രോളിന് 0.05 പൈസ വര്‍ധിച്ച് ലിറ്ററിന് 80.43 രൂപയും ഡീസല്‍ വില 13 പൈസ ഉയര്‍ത്തി ലിറ്ററിന് 80.53 രൂപയും ആയി. കഴിഞ്ഞ ദിവസം ഇത് യഥാക്രമം 80.38 രൂപയും ഡീസലിന് 80.40 രൂപയിരുന്നു.

കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 80 രൂപ 69 പൈസയാണ്. ഡീസല്‍ വില 76 രൂപ 33 പൈസ. ജൂണ്‍ ഏഴ് മുതല്‍ ആരംഭിച്ച വര്‍ദ്ധനവില്‍ രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ നഷ്ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍. ഇതുവരെ ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് ഈ മാസം കൂട്ടിയത്.

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പിഎംജിക്ക് മുന്നില്‍ രാവിലെ 10.30ക്ക് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും