കൊച്ചി: സംസ്ഥാനത്തെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണം സാധാരണ ഗതിയിലാണെന്ന് ഓയില്‍ ഇന്‍ഡസ്ട്രി കേരള കോ-ഓര്‍ഡിനേറ്റര്‍ വി.സി അശോകന്‍ അറിയിച്ചു. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് എത്തിച്ചേരാനാവാത്ത ഏതാനും ഭാഗങ്ങളില്‍ റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ വിതരണം പഴയനിലയിലാകും. ആവശ്യത്തിനുള്ള ഇന്ധനം എല്ലാ വിതരണ കേന്ദ്രങ്ങളിലും സ്റ്റോക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ എല്ലാ റീട്ടയില്‍ ഔട്ട്‌ലെറ്റുകളും എല്‍.പി.ജി വിതരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ കുറച്ച് ദിവസത്തേക്ക് അടച്ചിടുമെന്നും ഇന്ധന വിതരണം തടസപ്പെടുമെന്നും സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.