പിണറായിയുടെ തീവ്രവാദബന്ധ ആരോപണം ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട്; മുല്ലപ്പള്ളി

പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീവ്രവാദബന്ധം ആരോപിച്ചത് കേരളത്തിലെ ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മോദിയെ പ്രീണിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി ആരോപിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എപ്പോഴാണ് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും മുഖ്യമന്ത്രി പിണറായി വിജയന് കയ്പുള്ള കഷായമായതെന്ന് മുല്ലപ്പള്ളി ചോദിച്ചു. എസ്.ഡി.പി.ഐയുമായി സി.പി.എം പഞ്ചായത്തുകളില്‍ സഹകരിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. പൊലീസിലെ അഴിമതി സംബന്ധിച്ച സി.എ.ജിയുടെ കണ്ടെത്തലുകളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ച് ഏഴിന് മാര്‍ച്ച് നടത്താനും തീരുമാനമായി.