ആകെ തളര്‍ന്ന് കോടിയേരി; പാര്‍ട്ടിയും സര്‍ക്കാരും പിണറായിയുടെ കയ്യില്‍

 

തിരുവനന്തപുരം

സി.പി.എം സംസ്ഥാന സമ്മേളനത്തിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയെ പൂര്‍ണമായി കൈപ്പിടിയിലൊതുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപണങ്ങളുടെ കൂരമ്പുകളേറ്റ് സമ്മര്‍ദ്ദത്തിലായതോടെ സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തിന് കാര്യമായ റോളില്ലാതെയായി.
മക്കളുടെ സാമ്പത്തിക തട്ടിപ്പ് ഉള്‍പെടെ മുള്‍മുനയിലാണ് കോടിയേരി. സെക്രട്ടറി പ്രതിരോധത്തിലായതോടെ നേരത്തെയുള്ളതിലും കരുത്തനായി ഭരണത്തിനൊപ്പം പാര്‍ട്ടിയിലും പിണറായി ഒന്നാമനായി നില്‍ക്കുന്ന കാഴ്ചയാണുള്ളത്. മുന്‍കാല സമ്മേളനങ്ങളിലെന്ന പോലെ പിണറായിയുടെ അധീശത്വം ഊട്ടിയുറപ്പിക്കുന്നതാവും തൃശൂര്‍ സമ്മേളനവും അതിലെ തീരുമാനങ്ങളും.
മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത് ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അവസാന വാക്ക് പിണറായിയാണ്. പാര്‍ട്ടിയും സര്‍ക്കാരും ഒരാളില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥ പാര്‍ട്ടിയുടെ ശൈലിയല്ലെന്ന് വിമര്‍ശനമുണ്ടെങ്കിലും ഇത് തുറന്നു പറയാനോ തിരുത്താനോ ഉള്ള ധൈര്യം സി.പി.എമ്മില്‍ ആര്‍ക്കുമില്ല എന്നതാണ് വസ്തുത.
സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒരിടത്തും മുഖ്യമന്ത്രിക്കെതിരെ കാര്യമായ വിമര്‍ശനമുയര്‍ന്നിട്ടില്ല. ഇതേ രീതി സംസ്ഥാന സമ്മേളനത്തിലും പ്രതിനിധികള്‍ പിന്തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പാര്‍ട്ടിയും സര്‍ക്കാരും ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന അപൂര്‍വ സ്ഥിതിവിശേഷം സി.പി.എമ്മിലുണ്ടാകും.
സംസ്ഥാന സമ്മേളനത്തില്‍ സാധാരണ ഉയര്‍ന്നുവരാറുള്ള വിഷയങ്ങള്‍ നേതാക്കളുടെ ശൈലി സംബന്ധിച്ചും പാര്‍ട്ടിയുടെ നയപരിപാടികളുമായി ബന്ധപ്പെട്ടുമാണ്. ഇതിലൊന്നും ഇടപെട്ട് ആരെയും വിമര്‍ശിക്കാനാകാത്ത വിധം കോടിയേരി കൂട്ടിലടക്കപ്പെട്ടു. ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും നടത്തിയ സാമ്പത്തിക ഇടപാടുകളാണ് കോടിയേരിയെ നിശബ്ദനാക്കാന്‍ പിണറായി അടക്കമുള്ള നേതാക്കള്‍ ആയുധമാക്കുന്നത്. സി.പി.എമ്മിന്റെ സംഘടനാ ശൈലിയനുസരിച്ച് സമ്മേളനകാലത്ത് സംസ്ഥാന സെക്രട്ടറിക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട്. സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടത് കോടിയേരിയാണ്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തനിക്കുനേരെ തന്നെ വിരല്‍ചൂണ്ടുമെന്ന് കോടിയേരിക്ക് വ്യക്തമായി അറിയാം.
നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും ജീവിതശൈലി എല്ലാക്കാലത്തും സി.പി.എം വിലയിരുത്താറുണ്ട്. ഇത് താഴേത്തട്ടിലുള്ള നേതാക്കള്‍ക്കുള്ള ഉപദേശ രൂപേണയാണ് തയാറാക്കുന്നത്. എന്നാല്‍ ആരോപണങ്ങളില്‍ പെട്ട് മുഖം നഷ്ടപ്പെട്ട കോടിയേരിക്ക് റിപ്പോര്‍ട്ട് തിരിച്ചടിയാകും. അതേസമയം ഭരണം സമ്പൂര്‍ണ പരാജയമാണെങ്കിലും വ്യക്തിപരമായി പഴികേള്‍ക്കാതെയാണ് പിണറായി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് ശേഷം വി.എസ് വിഭാഗം പൂര്‍ണമായി തുടച്ചുമാറ്റപ്പെട്ടു. തനിക്ക് ബദലായി മറ്റൊരു ശക്തി ഉയര്‍ന്നുവരാത്തത് തൃശൂര്‍ സമ്മേളനത്തില്‍ പിണറായിക്ക് കൂടുതല്‍ കരുത്ത് പകരും.