സഫീര്‍ വധം: കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് പി.കെ ഫിറോസ്

പാലക്കാട്: മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ വധത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. സഫീഫിനെ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ഫിറോസ് പറഞ്ഞു. ‘ആസൂത്രിത കൊലപാതകമാണിത്. വധശിക്ഷ നടപ്പിലാക്കാന്‍ സി.പി.ഐയുടെ ജില്ലാ സമ്മേളനം കഴിയുന്നത് വരെ കാത്തിരുന്നതാണ് പ്രതികള്‍. സമ്മേളനത്തിന് തൊട്ടു മുമ്പ് ഇനി പ്രശ്‌നങ്ങളൊന്നുമുണ്ടാക്കില്ലെന്ന് പറഞ്ഞ് സഫീറിനെ കെട്ടിപ്പിടിച്ച് ‘ഒത്തുതീര്‍പ്പ് ‘ നടത്തിപ്പിരിഞ്ഞ് പോയത് നാടകമായിരുന്നു. സമ്മേളനം കഴിഞ്ഞ് തീര്‍ക്കാമെന്ന് കണക്കു കൂട്ടിയിട്ടാണവര്‍ പോയത്. അതാണിപ്പോള്‍ നടപ്പാക്കിയത്’ഫിറോസ് കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കൊല്ലപ്പെട്ട മണ്ണാര്‍ക്കാട് മണ്ഡലം എം.എസ്.എഫ് ഭാരവാഹിയായ സഫീറിനെ മോര്‍ച്ചറിയില്‍ ഒരു നോക്കു കണ്ടു. പിതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായ സിറാജ് സാഹിബിനെയും സഹോദരനെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. സി.പി.ഐയുടെ ഗുണ്ടാ സംഘമാണ് ഈ ചെറുപ്പക്കാരനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. മണ്ണാര്‍ക്കാട് നഗരമധ്യത്തില്‍ ജോലി ചെയ്യുന്ന കടയില്‍ കയറിയാണ് ഈ ക്രൂര കൃത്യം അവര്‍ നടപ്പാക്കിയത്. മുമ്പ് ഇവരുടെ വീട്ടിലേക്ക് ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചപ്പോഴും സഫീറിനെ തലക്ക് പരിക്കേല്‍പ്പിച്ചപ്പോഴും പോലീസ് നിഷ്‌ക്രിയമായത് കൊണ്ടാണ് ഇപ്പോള്‍ ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമുണ്ടായത്.

ആസൂത്രിത കൊലപാതകമാണിത്. വധശിക്ഷ നടപ്പിലാക്കാന്‍ സി.പി.ഐയുടെ ജില്ലാ സമ്മേളനം കഴിയുന്നത് വരെ കാത്തിരുന്നതാണ് പ്രതികള്‍. സമ്മേളനത്തിന് തൊട്ടു മുമ്പ് ഇനി പ്രശ്‌നങ്ങളൊന്നുമുണ്ടാക്കില്ലെന്ന് പറഞ്ഞ് സഫീറിനെ കെട്ടിപ്പിടിച്ച് ‘ഒത്തുതീര്‍പ്പ് ‘ നടത്തിപ്പിരിഞ്ഞ് പോയത് നാടകമായിരുന്നു. സമ്മേളനം കഴിഞ്ഞ് തീര്‍ക്കാമെന്ന് കണക്കു കൂട്ടിയിട്ടാണവര്‍ പോയത്. അതാണിപ്പോള്‍ നടപ്പാക്കിയത്.

ഒറ്റത്തെറ്റേ അവന്‍ ചെയ്തുള്ളൂ. സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. സി.പി.ഐയുടെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയിട്ടും അവന്‍ പിന്‍മാറിയില്ല. 22 വയസ്സേ പ്രായമുള്ളൂവെങ്കിലും ധീരനായിരുന്നു. അതിനാണവര്‍ കൊന്നു തള്ളിയത്.

കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. അതിനായി,
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, അക്രമ രാഷ്ട്രീയത്തിനെതിരു നില്‍ക്കുന്ന എല്ലാവരുടെയും പിന്തുണയുണ്ടാവണം.

SHARE