‘വേല കയ്യില്‍ വെച്ചാല്‍ മതി…’ ശബരിമല വിഷയത്തില്‍ തോമസ് ഐസക്കിന് മറുപടിയുമായി പി.കെ ഫിറോസ്

‘വേല കയ്യില്‍ വെച്ചാല്‍ മതി…’ ശബരിമല വിഷയത്തില്‍ തോമസ് ഐസക്കിന് മറുപടിയുമായി പി.കെ ഫിറോസ്

 

ശബരിമല വിഷയത്തില്‍ മുസ്ലിം ലീഗ് നിലപാടിനെ വിമര്‍ശിച്ച ധനകാര്യമന്ത്രി തോമസ് ഐസകിന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് തോമസ് ഐസകിന്റെ വിമര്‍ശനങ്ങള്‍ക്ക് ഫിറോസ് അക്കമിട്ടു മറുപടി നല്‍കിയത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

ശ്രീ. തോമസ് ഐസക്ക് മുസ്ലിംലീഗിനെതിരെ ഇന്നലെ എഴുതിയ ഫെയിസ്ബുക്ക് പോസ്റ്റ് ഇപ്പോഴാണ് വായിച്ചത്. ബുദ്ധിജീവിയായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ബുദ്ധിയേക്കാള്‍ കുബുദ്ധിയാണെന്ന് മനസ്സിലാക്കാനാണ് പോസ്റ്റ് ഉപകരിച്ചത്. ശബരിമല വിഷയത്തില്‍ സമരം ചെയ്യുന്നവരെ മുഴുവന്‍ സംഘ്പരിവാര്‍ മുദ്ര കുത്താനാണ് പോസ്റ്റിലുടനീളം അദ്ദേഹം ശ്രമിക്കുന്നത്. എന്നാല്‍ സമരം ചെയ്യുന്നവര്‍ മുഴുവന്‍ സംഘ് പരിവാറുകാരല്ല എന്ന് മാത്രമല്ല ഇവ്വിഷയത്തില്‍ പരിവാര്‍ സ്വീകരിച്ച ഇരട്ടത്താപ്പ് മനസ്സിലാക്കിയവരുമാണ്. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനടക്കമുള്ളവരും ബി.ജെ.പിയുടെ പത്രവുമൊക്കെ കോടതി വിധിക്കനുകൂലമായി നിലപാടെടുത്തത് വിശ്വാസികള്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാനൊക്കില്ല.

ആദ്യം സമരക്കാരെ മുഴുവന്‍ സംഘ് പരിവാറാക്കിയതിന് ശേഷം പിന്നെ അദ്ദേഹം പറഞ്ഞത് വിശ്വാസം ഭരണഘടനയുടെ മുകളില്‍ പ്രതിഷ്ഠിക്കുകയാണ് സമരക്കാര്‍ ചെയ്യുന്നതെന്നാണ്. അതായത് വിശ്വാസവും ഭരണഘടനയും വിരുദ്ധ ധ്രുവങ്ങളിലാണെന്ന്! എന്നാല്‍ നമ്മുടെ രാജ്യത്ത് വിശ്വാസം സംരക്ഷിക്കുന്നത് ഭരണ ഘടനയാണ്. ആര്‍ട്ടിക്കിള്‍ 25 ഭരണഘടന ഉറപ്പ് നല്‍കുന്ന പരിരക്ഷയാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങളിലില്ലാത്തതും ഇന്ത്യയിലുള്ളതുമായ ഈ മൗലികാവകാശത്തില്‍ നിലയുറപ്പിച്ചാണ് ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ വിശ്വാസവും ആചാരങ്ങളും ഇപ്പോഴും സംരക്ഷിക്കുന്നത്.

പിന്നെ പറയുന്നത് വിശ്വാസം ഭരണഘടനയുടെ മുകളില്‍ പ്രതിഷ്ഠിച്ചാണ് ബാബരി മസ്ജിദ് പൊളിച്ചതെന്നാണ്! വിശ്വാസികളാണോ ബാബരി മസ്ജിദ് പൊളിച്ചത്? വര്‍ഗ്ഗീയ വാദികളാണ് അതു ചെയ്തത്. സംഘ് പരിവാറാണ് അതു ചെയ്തത്. അവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്ന് ആര്‍ക്കാണറിയാത്തത്? ഇന്ത്യയിലെ മഹാ ഭൂരിപക്ഷം വരുന്ന ഹിന്ദു മത വിശ്വാസികള്‍ ബാബരി മസ്ജിദ് പൊളിച്ചവര്‍ക്കെതിരാണ്. വിശ്വാസികളാണ് ബാബരി മസ്ജിദ് പൊളിച്ചതെന്ന് പറയുന്നത് ഹിന്ദുക്കളെ അപമാനിക്കലാണ്.

കോടതി വിധിയെ വിമര്‍ശിക്കുന്നവര്‍ മുഴുവന്‍ ഭരണ ഘടനയെ എതിര്‍ക്കുന്നവരാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. കോടതി വിധിയെ വിമര്‍ശിക്കുന്നതില്‍ ഒരു തെറ്റുമില്ല. കോടതികള്‍ക്ക് തെറ്റു പറ്റാം. മുമ്പ് എ.കെ ഗോപാലന്‍ കേസില്‍ സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവം മനേക ഗാന്ധി കേസില്‍ അതേ സുപ്രീം കോടതിക്ക് തന്നെ 28 വര്‍ഷം കഴിഞ്ഞപ്പോള്‍ തിരുത്തേണ്ടി വന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ കോടതിയിലേക്ക് മാര്‍ച്ച് നടത്തുന്നതും തങ്ങള്‍ക്കിഷ്ടമില്ലാത്ത വിധി വരുമ്പോള്‍ ജഡ്ജിമാരെ ശുംഭനെന്നു വിളിക്കുന്നതൊന്നും ഒരു നിലക്കും അംഗീകരിക്കാനാവില്ല.

അതു കൊണ്ട് ബഹുമാനപ്പെട്ട തോമസ് ഐസക്ക് ജി,

ആദ്യം വിശ്വാസികളെ സംഘ്പരിവാറാക്കുക. പിന്നീട് വിശ്വാസം ഭരണഘടനയുടെ മുകളിലാക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് പറയുക. അങ്ങിനെയാണ് പള്ളി പൊളിച്ചതെന്ന് പറയുക. എന്നിട്ട് ലീഗ് മറുപടി പറയണമെന്നും പറയുക.
വേല കയ്യില്‍ വെച്ചാല്‍ മതി.

NO COMMENTS

LEAVE A REPLY