ജാമിയ വെടിവെയ്പ്പ്: ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം- പി.കെ കുഞ്ഞാലിക്കുട്ടി എം.പി നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന വെടിവെയ്പ്പുകള്‍ക്കും അക്രമത്തിനും കാരണമായ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അടക്കമുള്ള ആര്‍.എസ്.എസ് – ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ പരമത വിദ്വേഷം പ്രചരിപ്പിക്കുന്നതും സമാധാനനില താറുമാറാക്കുന്നതുമായ പ്രചാരണങ്ങളാണ് കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍, ബി.ജെ.പി എം.പി പര്‍വേഷ് സാഹിബ് സിങ് വര്‍മ്മ എന്നിവര്‍ നടത്തിയതെന്നും ജാമിയ വെടിവയ്പ്പിന്റെ പാശ്ചാത്തലത്തില്‍ സഭ നിര്‍ത്തിവെച്ച് വിഷയം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞാലികുട്ടി നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പ്രതിഷേധക്കാരെ വെടിവെച്ചുകൊല്ലണമെന്ന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ആഹ്വാനം ചെയ്തത്. ഇതിനെ തുടര്‍ന്നാണ് ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും ഷാഹിന്‍ബാഗ് സമരക്കാരക്ക് നേരെയും ആര്‍.എസ്.എസ് തീവ്രവാദികള്‍ വെടിവെയ്പ്പും അക്രമവും തുടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയും ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്പ്പ് നടന്നിരുന്നു.

SHARE