പൗരത്വനിയമം: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആശയക്കുഴപ്പമുണ്ടാക്കുന്നു-പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ സംബന്ധിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഗവണ്‍മെന്റ് നിലപാട് എന്താണെന്ന് കൃത്യമായി കോടതിയില്‍ പറയാന്‍ തയ്യാറാവണം. നിയമം സ്റ്റേ ചെയ്യണമെന്നാണ് മുസ്‌ലിംലീഗ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജനാധിപത്യ സംവിധാനത്തിന് നിരക്കാത്ത രീതിയിലാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. നിരന്തരം വാര്‍ത്താസമ്മേളനം വിളിച്ച് രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. രാഷ്ട്രത്തിന്റെ അധിപര്‍ ജനങ്ങളാണ്, ജനങ്ങളുടെ വിഷയം വരുമ്പോള്‍ സര്‍ക്കാരിന് കോടതിയില്‍ പോവാം, അതിന് ഗവര്‍ണറുടെ സമ്മതം വേണ്ട. പഞ്ചാബ് സര്‍ക്കാര്‍ കോടതിയില്‍ പോവുകയാണ്, അത് പാടില്ലെന്ന് അവിടത്തെ ഗവര്‍ണര്‍ക്ക് പറയാനാവില്ല, തീരുമാനമെടുക്കണ്ടത് സര്‍ക്കാരാണ്-കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പൗരത്വ പ്രതിഷേധത്തിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഇടതു മുന്നണി തുനിയരുത്, കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സാണ് പ്രധാനമായും പ്രതിഷേധിക്കുന്നത്. കേരളത്തില്‍ മാത്രം പ്രതിഷേധിച്ച് ചാമ്പ്യന്മാരാവാന്‍ നോക്കണ്ട, രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചാല്‍ ഇടത് പക്ഷത്തിന് തന്നെ വീഴ്ച പറ്റും. പൗരത്വനിയമവും എന്‍.ആര്‍.സിയും പൊതുവിഷയം എന്ന നിലയിലാണ് യോജിച്ച പ്രക്ഷോഭത്തെ പിന്തുണക്കുന്നത്.

അതേസമയം വാര്‍ഡ് വിഭജനത്തില്‍ എല്‍.ഡി.എഫ് സ്വീകരിച്ച രീതി ശരിയല്ലാത്തതിനാലാണ് എതിര്‍ക്കുന്നത്. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയാണ് ആ വിഷയത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് പോയത്. വാര്‍ഡ് വിഭജനവും പൗരത്വനിയമവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SHARE