പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തില്‍ അസമത്വം: പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ധനസഹായം അപര്യാപ്തമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാര്‍ലമെന്റില്‍ ശൂന്യവേളയില്‍ സംസാരിക്കുമ്പോഴാണ് കുഞ്ഞാലിക്കുട്ടി രണ്ട് വര്‍ഷം തുടര്‍ച്ചയായി മഹാപ്രളയങ്ങളെ നേരിട്ട കേരളത്തിലെ ജനങ്ങള്‍ നേരിട്ട ദുരിതത്തിലേക്ക് കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കുന്നതില്‍ അസമത്വമുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

2018 ലെ പ്രളയത്തില്‍ 433 പേരാണ് മരിച്ചത്. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. റോഡുകളും പാലങ്ങളും തകര്‍ന്നു. 4796.35 കോടി രൂപയുടെ ധനസഹായമാണ് അന്ന് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ 3048.39 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. 2019 ല്‍ 169 പേരാണ് മരിച്ചത്. 2101.88 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. ഇതുവരെ ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഈ അസമത്വം പരിഹരിച്ച് കേരളത്തിന് ആവശ്യമായ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

SHARE