ഖത്തറില്‍ കോവിഡ് മുക്തരായ പ്ലാസ്മ ദാതാക്കളുടെ എണ്ണം വര്‍ധിക്കുന്നു

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) കൊറോണ വൈറസ്(കോവിഡ്19) രോഗികളില്‍ ചികിത്സക്കായി ഉപയോഗിക്കുന്ന കണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പിക്ക് മികച്ച പ്രതികരണം. കോവിഡ് പ്ലാസ്മാ ചികിത്സാ പദ്ധതിയില്‍ എച്ചഎംസിയുടെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍(രക്തപ്പകര്‍ച്ച) സര്‍വീസസ് പ്രധാനപങ്ക് വഹിക്കുന്നുണ്ട്. രോഗമുക്തരായവരില്‍ നിന്നും പ്ലാസ്മ ശേഖരിക്കുന്നതിനുള്ള ഉത്തരവാദത്വം ഇവര്‍ക്കാണ്. കോവിഡ് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സക്കായി പ്ലാസ്മ ഉപയോഗിക്കുന്നുണ്ട്. കണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പിയില്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസിന്റെ പങ്കാളിത്തമുണ്ടെന്ന് രക്തദാന കേന്ദ്രം മെഡിക്കല്‍ മാനേജര്‍ സാദിക അല്‍മഹ്മൂദി പറഞ്ഞു.

മെയ് 17വരെയുള്ള കണക്കുകള്‍ പ്രകാരം രോഗമുക്തരായ 79പേര്‍ ദാനം ചെയ്ത പ്ലാസ്മ 91 രോഗികളില്‍ ചികിത്സക്കായി ഉപയോഗിച്ചിട്ടുണ്ട്. പ്ലാസ്മ ചികിത്സ നല്ല ഫലങ്ങള്‍ കാണിക്കുന്നതായും ഗുരുതരാവസ്ഥയിലുള്ള 60ശതമാനം കേസുകളുടെയും അവസ്ഥ മെച്ചപ്പെടുത്താന്‍ സഹായകമായതായും എച്ച്എംസി പകര്‍ച്ചവ്യാധി ചികിത്സാവിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഫരാജ് ഹൗവാദി പറഞ്ഞു. സുഖം പ്രാപിച്ച രോഗികളില്‍ നിന്ന് എടുത്ത പ്ലാസ്മ ഉപയോഗിച്ചുള്ള കോവിഡ് ചികിത്സയില്‍ ഗുണപരമായ ഫലങ്ങള്‍ കാണുന്നുണ്ടെന്ന് സാംക്രമിക രോഗ ചികിത്സാകേന്ദ്രം(സിഡിസി) ഡയറക്ടര്‍ ഡോ.മുന അല്‍മസ്ലമാനി നേരത്തെ വ്യക്തമാക്കിയിരുന്നു. എച്ച്എംസിയുടെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വകുപ്പിന്റെ സഹകരണത്തോടെയാണ് സിഡിസിയില്‍ പ്ലാസ്മ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രക്തത്തില്‍ നിന്ന് പ്ലാസ്മയെ നേരിട്ട് വേര്‍തിരിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളാണ് ആധുനിക പ്ലാസ്മ സെന്ററിലുള്ളത്. പുതിയ പ്ലാസ്മ കേന്ദ്രത്തില്‍ പ്ലാസ്മ സംരക്ഷണ ഡിവൈസുകളുണ്ട്.

ഇത് ദീര്‍ഘകാല ഉപയോഗത്തിന് അനുയോജ്യമാണ്. പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ക്ലിനിക്കല്‍ ശസ്ത്രക്രിയാ പഠനത്തിന് സിഡിസി തുടക്കംകുറിച്ചിട്ടുണ്ട്. മറ്റു സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പഠനം. പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ പ്രസിദ്ധീകരിക്കും. പ്ലാസ്മയില്‍ വെള്ളം, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ആന്റിബോഡികള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. രക്തത്തില്‍നിന്ന് പ്ലാസ്മയെ വ്യത്യസ്തരീതികളില്‍ വേര്‍തിരിക്കാം. പ്ലാസ്മ ദാനം ചെയ്യുന്നതിലൂടെ അണുബാധയുടെ രൂക്ഷത അനുഭവിക്കുന്ന രോഗികളെ ചികിത്സിക്കാന്‍ സഹായകമാകും.
രോഗത്തിനു ശേഷമുള്ള ആന്റിബോഡികളാല്‍ സമ്പന്നമായ രക്തത്തിലെ ദ്രാവകമായ കണ്‍വാലസെന്റ് പ്ലാസ്മ എബോള, സാര്‍സ് എന്നിവയുള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബ്ലഡ് പ്ലാസ്മാ ചികിത്സ രീതിയിലുടെ കോവിഡ് രോഗികളുടെ ഓക്‌സിജന്റെ അളവ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മെച്ചപ്പെടുത്താനാവും. പ്ലാസ്മ ചികിത്സ സ്വീകരിച്ച രോഗികളുടെ നെഞ്ചിലെ അസ്വസ്ഥതയില്‍ പുരോഗതിയുണ്ടെന്ന് ക്ലിനിക്കല്‍ എക്‌സ്‌റേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

SHARE