മോദി നല്‍കിയത് തലക്കെട്ടും ശൂന്യമായ പേജും; വിമര്‍ശനവുമായി പി.ചിദംബരം

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിനെതിരെ വിമര്‍ശനവുമായി മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം. പാക്കേജ് ‘തലക്കെട്ടും ശൂന്യമായ പേജും’ ആണെന്ന് അദ്ദേഹം പറഞ്ഞു. ശൂന്യമായ പേജിനെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൂരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് ചിദംബരം വിമര്‍ശനവുമായി രംഗത്തെത്തിയത്.

‘ഇന്നലെ പ്രധാനമന്ത്രി ഒരു തലക്കെട്ടും ശൂന്യമായ പേജും നല്‍കി. സ്വാഭാവികമായും, എന്റെ പ്രതികരണം ശൂന്യമായിരുന്നു. ഇന്ന്, ധനമന്ത്രി ശൂന്യമായ പേജ് പൂരിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രഖ്യാപിക്കുന്ന ഓരോ അധിക രൂപയും ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കണക്കാക്കും. ആര്‍ക്ക് എന്ത് ലഭിക്കുമെന്നും നിരീക്ഷിക്കും. സ്വന്തം സംസ്ഥാനങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രതീക്ഷിക്കാനാകുന്നത് എന്താണെന്നും പരിശോധിക്കും. ജനസംഖ്യയുടെ താഴത്തെ പകുതി കുടുംബങ്ങള്‍ക്ക് എന്ത് ലഭിക്കുമെന്നും പരിശോധിക്കും’ അദ്ദേഹം ട്വീറ്റ് ചെയ്തു.

SHARE