ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ചേക്കും; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്


ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ഡൗണ്‍ അടുത്തയാഴ്ച അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഉച്ചകഴിഞ്ഞ് മൂന്നിന് വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതിനൊപ്പം ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നത് പരിഗണനയില്‍. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം അടക്കം 15 ഇടങ്ങളിലേക്കു നാളെ ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസിന് ഇന്ന് ഉച്ചകഴിഞ്ഞ് നാലുമുതല്‍ ബുക്കിങ് ആരംഭിക്കും.

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വിഡിയോ കോണ്‍ഫറന്‍സാണ് ഇത്. മൂന്നാംഘട്ട ലോക്ഡൗണ്‍ മേയ് 17ന് അവസാനിക്കും. ഏപ്രില്‍ 27ന് 4-ാമത് വിഡിയോ കോണ്‍ഫറന്‍സ് നടക്കുമ്പോള്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28,380 ആയിരുന്നു. ഇപ്പോള്‍ 62000 കടന്നിരിക്കുന്നു. മരണസംഖ്യ രണ്ടായിരത്തിലധികമായി.