പി.എം മുഹമ്മദ്കുട്ടി: വിസ്മയിപ്പിച്ച വ്യക്തിത്വം

ഇ.ടി മുഹമ്മദ് ബഷീര്‍

വിടപറഞ്ഞ പി.എം മുഹമ്മദ്കുട്ടി സാഹിബ് അഗാധമായ അറിവിന്റെയും നിര്‍മലമായ പെരുമാറ്റത്തിന്റെയും ആള്‍രൂപമായിരുന്നു. ചന്ദ്രികയുടെ പേജുകളെ ഒട്ടനവധി ലേഖനങ്ങള്‍ കൊണ്ടു അദ്ദേഹം സമ്പന്നമാക്കി. മരിക്കുവോളം ചന്ദ്രികയുടെ സ്ഥിരം വായനക്കാരനുമായിരുന്നു.
മുഹമ്മദ്കുട്ടി സാഹിബ് ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു. ഏതാണ്ട് നാല്‍പത് വര്‍ഷം ഞാനും അദ്ദേഹവും മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. അദ്ദേഹം ഫാക്ടറി മാനേജറായിരുന്നു. ഞാന്‍ തൊഴിലാളി നേതാവുമായിരുന്നു. മാവൂര്‍ ഗ്വാളിയോര്‍ റയോന്‍സിന്റെ തുടക്കകാലത്ത് നാട്ടുകാരനും വിദ്യാസമ്പന്നനും നാട്ടുകാര്‍ക്കും കമ്പനിക്കുമിടയില്‍ സൗഹൃദത്തിന്റെ പാലവുമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ശക്തനായ ഒരു വ്യക്തിയെ അന്വേഷിച്ച്‌നടന്ന മാനേജ്‌മെന്റ് കണ്ടെത്തിയ മികച്ച വ്യവസായബന്ധ വിദഗ്ധനും കര്‍മ്മനിരതനുമായ വ്യക്തിയായിരുന്നു മുഹമ്മദ്കുട്ടി സാഹിബ്.

മാവൂരിലെ വ്യവസായബന്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം സുഗമമായിരുന്നില്ല. തൊഴില്‍ തര്‍ക്ക പരിഹാരത്തില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് പ്രത്യേക നൈപുണ്യമുണ്ടായിരുന്നു. അകത്ത് ഒന്ന് വേറെയും പുറത്തൊന്ന് വേറെയും മുഹമ്മദ്കുട്ടി സാഹിബിന് ഇല്ലാത്തതുകൊണ്ട്് തൊഴിലാളികള്‍ക്കും തൊഴിലുടമക്കും അദ്ദേഹത്തെ വിശ്വാസമായിരുന്നു. മാവൂരും പരിസരവും അദ്ദേഹത്തിന് പിറന്ന നാടിനേക്കാള്‍ പരിചയമായിരുന്നു. അതുകൊണ്ട്തന്നെ അക്കാലങ്ങളില്‍ ധാരാളം സാംസ്‌കാരിക പരിപാടികളിലും ആത്മീയ സദസ്സുകളിലും അദ്ദേഹം നിരന്തരം ക്ഷണിക്കപ്പെട്ടു. മിക്കവാറും എല്ലാ സായാഹ്നങ്ങളിലും അദ്ദേഹം പോകുമ്പോള്‍ എന്നെയും കൂട്ടിപോകുമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഞാന്‍ വളരെയേറെ ഇഷ്ടപ്പെട്ടു. പരിശുദ്ധ ഖുര്‍ആന്റെയും തിരുനബി (സ്വ)യുടെയും വചനങ്ങള്‍ ധാരാളമായി ഉദ്ധരിക്കുന്ന അദ്ദേഹത്തിന്റെ അറിവിന്റെ ആഴങ്ങള്‍ ഏത്രയോ ആസ്വാദ്യകരമായിരുന്നു. പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം ദീര്‍ഘകാലം കെ.എന്‍.എമ്മിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

അക്കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹവും മാതൃകാപരവുമായിരുന്നു. കാലിക പ്രസക്തവും നിയമ സംബന്ധവുമായ ഒട്ടേറെ ലേഖനങ്ങള്‍ കേരളത്തില്‍ അക്കാലത്ത് അദ്ദേഹത്തിന്റേതായി ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മുഹമ്മദ്കുട്ടി സാഹിബിന്റെ തൂലിക ഏറ്റവും തിളങ്ങിനിന്നത് ശരീഅത്ത് വിവാദത്തിന്റെ കാലഘട്ടത്തിലാണ്. ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ നന്മകളും എതിരാളികളുടെ ദുഷ്പ്രചാരണത്തിന്റെ പൊള്ളത്തരവും അദ്ദേഹത്തിന്റെ രചനകളില്‍ മികച്ചുനിന്നു. മുസ്്‌ലിം വ്യക്തിനിയമം അതിന്റെ ശരിയായ തോതില്‍ അവതരിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ രചനകള്‍ ശക്തിപകര്‍ന്നു. മുസ്്‌ലിംലീഗിന്റെ സമുന്നതരായ എല്ലാ നേതാക്കള്‍ക്കും മുഹമ്മദ്കുട്ടി സാഹിബ് വളരെ പ്രിയപ്പെട്ടവനായിരുന്നു. രണ്ട് വര്‍ഷമായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും തളര്‍ന്നു വെറുതെയിരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നുവെന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസ്സിലാക്കാമായിരുന്നു. ഏഴര ദശാബ്ദകാലം വിശ്രമമില്ലാതെ നന്മയുടെ സന്ദേശം മാത്രം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.