‘മോദി ഗോബാക്ക്’, ആര്‍ത്തുവിളിച്ച് തമിഴകം; കരിങ്കൊടിയും പ്രതിഷേധവും ഭയന്ന് ചെന്നൈയിലിറങ്ങാതെ പ്രധാനമന്ത്രി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ സന്ദര്‍ശനത്തിരെ വ്യാപക പ്രതിഷേധം. മോദി ഗോബാക്ക് എന്ന് ആര്‍ത്തുവിളിച്ച് തമിഴകം രംഗത്തുവന്നതോടെ ചെന്നൈയില്‍ റോഡ് യാത്രയും ജനങ്ങളെ മുഖാമുഖം അഭിസംബോധന ചെയ്യുന്നതും മോദി ഒഴിവാക്കി.

കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കരിങ്കൊടികളുയര്‍ത്തിയാണ് പ്രധാനമന്ത്രിയെ തമിഴ് ജനത സ്വീകരിക്കുന്നത്. മോദിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ പ്രതിഷേധമാണ് ചെന്നൈയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മോദി റോഡ് യാത്രകളും മുഖാമുഖവും ഒഴിവാക്കിയത്.

റോഡ് യാത്രകള്‍ റദ്ദാക്കിയതിനാല്‍ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഓള്‍ഡ് മഹാബലിപുരം റോഡിലെ ഡിഫന്‍സ് എക്‌സ്‌പോയിലേക്ക് മോദി ഹെലികോപ്റ്ററിലെത്തും. തുടര്‍ന്ന് അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് വ്യോമമാര്‍ഗം പോകും.

മോദിക്ക് വിമാനത്തില്‍ പറന്നിറങ്ങാനുള്ള സൗകര്യത്തിനായി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനും ചില്‍ഡ്രന്‍സ് പാര്‍ക്കിനുമിടയില്‍ മതില്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്. കൂടാതെ ഐ.ഐ.ടി മദ്രാസ് ക്യാമ്പസില്‍ പ്രധാനമന്ത്രിക്കായി ഹെലിപാട് സംവിധാനം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

രാവിലെ ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ പ്രധാനമന്ത്രിക്ക് പതിവ് സ്വീകരണത്തിന് വിപരീതമായി ലഭിച്ചത് മോദി ഗോബാക്ക് എന്ന മുദ്രാവാക്യമായിരുന്നു.

പ്രതിഷേധവുമായി എത്തിയ രാഷ്ട്രീയ നേതാക്കളെയും സാമൂഹ്യ കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ഭാരതിരാജ, വെട്രിമാരന്‍, ഗൗതമന്‍, ആമിര്‍ തുടങ്ങിയ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.

തമിഴക വാഴ്‌വരുമൈ കച്ചി പ്രവര്‍ത്തകര്‍ വലിയ ഒരു പരസ്യബോര്‍ഡിന് മുകളില്‍ കയറി നിന്നാണ് കരിങ്കൊടി കാട്ടിയത്. ഇവരെ താഴെയിറക്കാന്‍ പൊലീസ് ആകുംവിധം ശ്രമിച്ചെങ്കിലും നടന്നില്ല. ടി.ടി.വി ദിനകരന്‍ കറുത്ത ബലൂണുകള്‍ പറത്തിയാണ് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.


അതേസമയം, റോഡിലില്‍ ഇറങ്ങണ്ടെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് എം.ഡി.എം.കെ നേതാവ് വൈക്കോ രംഗത്തുവന്നു.

‘നിങ്ങള്‍ക്ക് ധൈര്യമില്ലേ മോദീ? എന്തുകൊണ്ട് റോഡിലൂടെ സഞ്ചരിക്കുന്നില്ല? ഹെലികോപ്റ്ററില്‍ നിങ്ങള്‍ നേരിട്ട് ഐ.ഐ.ടിയിലെത്തും. ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് താങ്കള്‍ക്ക് കടക്കാന്‍ ഒരു മതില്‍ പൊളിച്ചിരിക്കുന്നു. ഇത്രയും ഭീരുവായ ഒരു പ്രധാനമന്ത്രിയെ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളൊരു ഭീരുവാണ്. കരിങ്കൊടികൊണ്ടെന്താ ഞങ്ങള്‍ നിങ്ങളെ വെടിവെക്കാന്‍ പോകുന്നുണ്ടോ? നെഹ്‌റുവെന്താ കരിങ്കൊടി കണ്ടിട്ടില്ലേ?’ വൈക്കോ ചോദിക്കുന്നു.

പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടിയുയര്‍ത്തുമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനാണ് ആദ്യം പ്രഖ്യാപിച്ചത്. മോദിയുടെ സന്ദര്‍ശന ദിനം ദു:ഖദിനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡി.എം.കെ നേതാവ് കരുണാനിധിയുടെയും സ്റ്റാലിന്റെയും വീട്ടില്‍ ഇതിനകം തന്നെ കരിങ്കൊടി ഉയര്‍ത്തിയിട്ടുണ്ട്.

SHARE