പോക്‌സോ: സംസ്ഥാനത്തെ ആദ്യ വിധി നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ ജീവപര്യന്തം കഠിന തടവ്

കാസര്‍കോട്: നാലു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. കരിവേടകം നെച്ചിപ്പടുപ്പ് ശങ്കരംപാടിയിലെ വി.എസ് രവീന്ദ്രനെ (46) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്. പുതുക്കിയ പോക്സോ ആക്ട് അനുസരിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമം 376 എ.ബി പ്രകാരമാണ് അവസാന ശ്വാസം വരെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ചത്. ഇതിന് പുറമെ 25,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. രവീന്ദ്രനെ കഴിഞ്ഞ ദിവസം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ഇന്നലെ രാവിലെയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 2018 ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ദളിത് കുടുംബത്തില്‍പ്പെട്ട ബാലിക പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയപ്പോഴാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്തുവെങ്കിലും പീഡനത്തിനിരയായത് ദളിത് വിഭാഗത്തിലെ കുട്ടിയായതിനാല്‍ അന്വേഷണം കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറുകയായിരുന്നു. പോക്സോ നിയമം നിലവില്‍ വന്നതിന് ശേഷം 2018 ഏപ്രില്‍ 21ന് ഭേദഗതി ചെയ്ത 376 എ.ബി വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിക്കുന്ന കേരളത്തിലെ ആദ്യത്തെ കേസ് കൂടിയാണ് ഇതെന്ന പ്രത്യേകതയുണ്ട്. 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷയാണ് ഈ വകുപ്പിലുള്ളത്.
ജീവപര്യന്തം കഠിന തടവുമുതല്‍ വധശിക്ഷ വരെ ഈ വകുപ്പ് പ്രകാരം പ്രതികള്‍ക്ക് ലഭിക്കാം. രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റ കൃത്യങ്ങള്‍ പെരുകിയതോടെയാണ് ഇത്തരം കേസുകളില്‍ കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന നിര്‍ദ്ദേശം നിയമ വിദഗ്ധരില്‍ നിന്ന് ഉയര്‍ന്നു വന്നത്. ഇന്ത്യയുടെ പലഭാഗങ്ങളിലും കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് ഇത് സംബന്ധിച്ച നിയമ ഭേദഗതിയില്‍ രാഷ്ട്രപതി ഒപ്പുവെച്ചത്. നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ. എസ്.പി ഹരിശ്ചന്ദ്ര നായകാണ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

SHARE