ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന സംഭവത്തില്‍ പൊലീസ് കേസ്

വഞ്ചിയൂര്‍: ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന കേസില്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കി കൊന്നത്. ക്ലബ്ബിലെത്തുന്നവര്‍ മദ്യപിച്ച ശേഷം പൂച്ചയെ കൊല്ലുകയായിരുന്നെന്നാണ് ആരോപണം. മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പൂച്ചയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംഭവം. ക്ലബ്ബിലെത്തിയവര്‍ പൂച്ചയെ കൊല്ലുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗാവകാശ പ്രവര്‍ത്തക പാര്‍വ്വതി മോഹനാണ് സംഭവം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. പൊലീസിനെ വിവരമറിയിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

മൃഗാവകാശ പ്രവര്‍ത്തകരായ ലത ഇന്ദിര, പാര്‍വ്വതി മോഹന്‍ എന്നിവരുടെ പരാതിയില്‍ കേസെടുത്തെന്ന് വഞ്ചിയൂര്‍ പൊലീസ് വ്യക്തമാക്കി. സെക്ഷന്‍ 429 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുകയും, കൊല്ലുകയും ചെയ്തതിനും, സെക്ഷന്‍ 268 പ്രകാരം പൊതുശല്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

SHARE