അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാക്കളെ ദേശീയ ഗാനം ആലപിപ്പിച്ച് പൊലീസ്

ബെംഗളൂരുവില്‍ അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാക്കളെ പൊലീസ് സ്‌റ്റേഷനില്‍ ദേശീയ ഗാനം ആലപിപ്പിച്ച് ബെംഗളൂരു പൊലീസ്. ബംഗ്ലാദേശികളെന്നാരോപിച്ചാണ് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ ഗാനം പാടാന്‍ അറിയാത്തവരെ ബംഗ്ലാദേശി കുടിയേറ്റക്കാരായി കണക്കാക്കുകയായിരുന്നു. അജ്ജുല്‍ മൊണ്ടല്‍ (32), തനേജ് (28), സാഹെബ് (30) എന്നിവരെയും സാഹെബിന്റെ പ്രായപൂര്‍ത്തിയാവാത്ത മകനെയുമാണ് മാറത്തഹള്ളി പൊലീസ് അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് കഴിഞ്ഞ ദിവസം പിടികൂടിയത്.

നിരക്ഷരരായതിനാല്‍ ദേശീയ ഗാനം പാടാന്‍ അറിയണമെന്നില്ലെന്നു പൊലീസുകാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ അഭിഭാഷകരുടെ വാദങ്ങള്‍ തള്ളുകയായിരുന്നു. നിരക്ഷരരായവര്‍ക്ക് ഒപ്പുവയ്ക്കാന്‍ എങ്ങനെയറിയാം എന്നായിരുന്നു പൊലീസിന്റെ ചോദ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആള്‍ട്ടര്‍നേറ്റീവ് ലോ ഫോറത്തില്‍ നിന്നുള്ള അഭിഭാഷകരായ അക്മല്‍ ഷെരീഫ് ,ബസവഗൗഡ എന്നിവരാണ് പൊലീസിന്റെ ചോദ്യം ചെയ്യലിനെതിരെ പരാതി ലഭിച്ചതിനാല്‍ സ്‌റ്റേഷനിലെത്തിയത്. കഴിഞ്ഞ ദിവസമാണ് മാറത്തഹള്ളിയ്ക്ക് സമീപമുള്ള മുന്നക്കോലാലയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ്‌ന്റെ വാദമെങ്കിലും തങ്ങള്‍ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ നിന്നുള്ളവരാണെന്നും വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയില്‍ രേഖകള്‍ പൊലീസിനു സമര്‍പ്പിച്ചിട്ടുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്.

SHARE