വീട്ടമ്മയെ പീഡിപ്പിച്ചു; സ്വാമിക്കെതിരെ നടപടിയെടുക്കാതെ പൊലീസ്

തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയായ 35 വയസുകാരിയായ വീട്ടമ്മയെ പീഡിപ്പിച്ച സ്വാമിക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി.പൊലീസ് നടപടിയെടുക്കാത്തതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്.തന്നെ ലൈംഗികമായി
പീഡിപ്പിച്ച് മൊബൈലില്‍ നഗ്‌ന ചിത്രങ്ങളെടുത്തെന്ന യുവതിയുടെ പരാതിയില്‍ വെറ്റില സ്വാമി എന്നറിയപ്പെടുന്ന പാഞ്ഞാള്‍
തോട്ടത്തില്‍ മന നാരായണന്‍, ഇയാളുടെ സഹായി പ്രതീഷ് എന്നിവര്‍ക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് പരാതി.

2019 മെയ് 19 ന് പുലര്‍ച്ചെ തൃശൂര്‍ അശ്വിനി ജങ്ഷനു സമീപം ബിഗ് ബസാറിനു പിറകുവശത്തെ ഫ്‌ളാറ്റില്‍ പ്രസാദം എന്ന പേരില്‍ എന്തോ നല്‍കി യുവതിയെ മയക്കി പീഡിപ്പിച്ചുവെന്നാണ് കേസ്. മയക്കത്തില്‍നിന്ന് ഉണര്‍ന്ന യുവതിയെ നാരായണന്റെ സഹായിയായ തൊഴുപ്പാടം സ്വദേശി പ്രതീഷ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 11 ന്് ഈസ്റ്റ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.പി. ജോയ് ഇരുവര്‍ക്കുമെതിരേ കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ തയ്യാറായിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജനുവരി 28നാണ് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും യുവതി പരാതി നല്‍കിയത്.

എന്നാല്‍ പ്രതികളെ സഹായിക്കും വിധം പോലീസ് പെരുമാറുന്നതായാണ് ആക്ഷേപം. പ്രതികള്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും എന്നാല്‍ ഈ സാഹചര്യം പ്രതികള്‍ക്ക് അനുകൂലമാക്കാന്‍ പോലീസ് ബോധപൂര്‍വം ശ്രമിക്കുകയാണെന്നും കോടതിയില്‍ അന്വേഷണ പുരോഗതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും നീതി ലഭ്യമാകും വരെ പോരാട്ടം തുടരുമെന്നും യുവതി പറഞ്ഞു.

SHARE