സ്റ്റേഷനിലെത്തിച്ച പ്രതിയുടെ അടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ഭോപ്പാല്‍: പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയുടെ അടിയേറ്റ് ചികിത്സയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. പ്രതി വിഷ്ണു രാജ്‌വത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഹെഡ്‌കോണ്‍സ്റ്റബിള്‍ ഉമേഷ് ബാബുവാണ് മരിച്ചത്.

മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. പ്രതി പിക്കാസ് കൊണ്ട് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പ്രദേശത്തെ വ്യാപാരമേഖലയില്‍ പ്രശ്‌നമുണ്ടാക്കിയെന്ന പരാതിയെത്തുടര്‍ന്നാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.

Watch Video:

സുഹൃത്ത് കാണാനെത്തിയതിനെത്തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി പിക്കാസ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ആദ്യം തലക്കടിയേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ബോധരഹിതനായി വീഴുന്നതും തുടര്‍ന്ന് മറ്റൊരു ഉദ്യോഗസ്ഥനെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതി പുറത്തേക്കിറങ്ങി പോകുന്നതും വീഡിയോയിലുണ്ട്.

രണ്ട് ഉദ്യോഗസ്ഥരെയും ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും ഉമേഷ് ബാബു ഇന്നു രാവിലെ മരിച്ചു. പ്രതിയെയും സുഹൃത്തിനെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

SHARE