നിങ്ങള്‍ വല്ലതും കഴിച്ചോ?; വാഹന പരിശോധനക്കിടെ എസ്.ഐയുടെ ചോദ്യം

കോഴിക്കോട്: പൊലീസുകാരുടെ വാഹന പരിശോധന ആളുകള്‍ പ്രത്യേകിച്ച് യുവാക്കള്‍ വലിയ സ്വീകാര്യതയോടെയല്ല കാണാറുള്ളത്. എന്നാല്‍ നന്‍മ നിറഞ്ഞ ഒരു പൊലീസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വാഹന പരിശോധനക്കിടെ ‘നിങ്ങള്‍ വല്ലതും കഴിച്ചാരുന്നോ? എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അതിരപ്പിള്ളിയിലേക്ക് ബൈക്കുകളില്‍ ട്രിപ്പിനു പോയ ഒരുസംഘം ചെറുപ്പക്കാരാണ് ട്രാഫിക് പൊലീസിന്റെ പരിശോധനയില്‍ പെട്ടത്. ജീപ്പില്‍ എസ്.ഐയും ഉണ്ടായിരുന്നു. എല്ലാം ശരിയാണെങ്കിലും എന്തെങ്കിലും ചൂണ്ടിക്കാട്ടി പിഴ അടിച്ചാലോ എന്ന ഭയത്തോടെയാണ് ചെറുപ്പക്കാര്‍ ജീപ്പിന്റെ സമീപത്ത് എത്തിയത്. എന്നാല്‍ അവരെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു ജീപ്പിലിരുന്ന എസ്.ഐയുടെ പെരുമാറ്റം. കൃത്യമായി എല്ലാ നിയമവും പാലിച്ച കൂട്ടത്തിലെ ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി എസ്.ഐ പറഞ്ഞു. ‘ടാ നിന്റെ എല്ലാം കറക്ടറ്റാണ്. നിങ്ങളുടെ എല്ലാവരുടെയും. പിന്നെ നമ്പര്‍ പ്ലെയിറ്റില്ലേ.. ദേ ഇവന്റെ ബൈക്കിലേത് പോലെ ആക്കണം. നിങ്ങള്‍ ഇവനെ കണ്ടു പഠിക്ക്..’ ചിരിച്ചുകൊണ്ട് എസ്.ഐ പറഞ്ഞു. പിന്നീട് യുവാക്കള്‍ എങ്ങോട്ടാണ് പോകുന്നതെന്നും എസ്.ഐ ചോദിച്ചറിഞ്ഞു.

ഇതിനെല്ലാം ശേഷം ഒരു ചെറിയ ചിരിയോടെ ആ മനോഹരചോദ്യം എത്തി. നിങ്ങള്‍ വല്ലതും കഴിച്ചാരുന്നോ?.. ആ ചോദ്യത്തില്‍ യുവാക്കളും സൈബര്‍ ലോകവും ഈ പൊലീസുകാരന് സല്യൂട്ടടിക്കുകയാണ്. യുവാക്കളില്‍ ഒരാളുടെ ഹെല്‍മറ്റിലെ ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

SHARE