യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പൊലീസ് മിന്നല്‍ റെയ്ഡ്: എസ്.എഫ്.ഐ നേതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: എസ്.എഫ്.ഐ അക്രമങ്ങളുടെ സാഹചര്യത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ്. ഡി.സി.പി ആദിത്യയുടെ നേതൃത്വത്തിലാണ് വന്‍ പൊലീസ് സംഘം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് ഉച്ചയോടെ എത്തിയത്. ഹോസ്റ്റലില്‍ നിന്ന് അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിന്റെ പിന്നിലൂടെ കയറിയാണ് പൊലീസ് ഹോസ്റ്റലിനകത്ത് എത്തിയത്. അക്രമവുമായി നേരിട്ട് ബന്ധമുള്ള അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്. അമല്‍ മുഹമ്മദ്, ശംഭു, സുനില്‍, അജ്മല്‍, വിഘ്‌നേശ്വരന്‍ എന്നിവരെയാണ് പിടികൂടിയത്.
മുന്നിലെ ഗേറ്റിലൂടെ വലിയൊരു സംഘം പൊലീസെത്തിയതിനൊപ്പം തന്നെ പിന്നിലെ ഗേറ്റിലൂടെയും രഹസ്യമായി മറ്റൊരു സംഘം പൊലീസുകാര്‍ അകത്ത് കയറി. ഹോസ്റ്റലിന് പുറത്ത് മാത്രമാണ് പരിശോധനയെന്ന പ്രതീതി വരുത്തിത്തീര്‍ക്കുകയായിരുന്നു പൊലീസ്. അതേസമയം തന്നെ പിന്നിലെ ഗേറ്റിലൂടെ കന്റോണ്‍മെന്റ് സി.ഐയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം ഹോസ്റ്റലിനകത്ത് കയറി. വെള്ളിയാഴ്ച വൈകിട്ട് നടന്ന അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി പിടികൂടി. ഇവരെ ഗേറ്റിലൂടെ രഹസ്യമായി തന്നെയാണ് പൊലീസ് പുറത്തു കൊണ്ടുപോയതും.
വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ അരങ്ങേറിയ അക്രമങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം ബുധനാഴ്ച ഇതേ ഹോസ്റ്റലില്‍ വച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളി മുഴക്കിയ എസ്എഫ്‌ഐ നേതാവായിരുന്ന ‘ഏട്ടപ്പന്‍’ എന്ന് വിളിക്കപ്പെടുന്ന മഹേഷിനെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.
ആദ്യം ഹോസ്റ്റലിനകത്ത് പൊലീസ് കയറിയില്ലെന്ന സൂചനയാണ് വന്നതെങ്കിലും പിന്നീട് ഹോസ്റ്റലില്‍ കയറിത്തന്നെയാണ് പരിശോധന നടത്തിയതെന്ന് വ്യക്തമായി. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കൂവെന്നും ഡി.സി.പി ആദിത്യ വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ബുധനാഴ്ച രാത്രി എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ‘ഏട്ടപ്പന്‍’ മഹേഷ് കെ.എസ്.യു പ്രവര്‍ത്തകനായ നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ മഹേഷ് നിതിന്‍ രാജിന്റെയും സുദേവ് എന്ന വിദ്യാര്‍ത്ഥിയുടെയും സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും പുസ്തകങ്ങളും കത്തിച്ചെന്നും ആരോപണമുയര്‍ന്നു. ഇതേത്തുടര്‍ന്ന് പിറ്റേന്ന് പ്രിന്‍സിപ്പാളിനെ കാണാനായി കെ.എസ്.യു സംസ്ഥാനപ്രസിഡന്റ് കെ.എം അഭിജിത്ത് എത്തിയതിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ വന്‍ അക്രമമാണ് അരങ്ങേറിയത്.

SHARE