കൂടത്തായി കൊലപാതക പരമ്പര: പൊന്നമറ്റം വീട് പൂട്ടി സീല് ചെയ്തു; ചോദ്യം ചെയ്യല്‍ തുടരുന്നു

കോഴിക്കോട്: താമരശ്ശേരി: കൂടത്തായിയിലെ കൊലപാതക പരമ്പര നടന്ന വീട് പോലീസ് പൂട്ടി സീല്‍ ചെയ്തു. ഇന്ന് രാവിലെ കോടഞ്ചേരി പോലീസെത്തിയാണ് വീട് പൂട്ടി സീല്‍ ചെയ്തത്. മരിച്ച റോയിയുടെ സഹോദരിയടക്കം ചിലര്‍ ഇന്നലെ രാത്രി ഈ വീട്ടിലുണ്ടായിരുന്നു. ഇവര്‍ ഇന്ന് രാവിലെ വീട്ടില്‍ നിന്ന് മാറി. കേസിലെ പ്രതിയായ ജോളി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീട് പൂട്ടിയത്. വീട്ടില്‍ അവശേഷിക്കുന്ന തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു.

ഇതിനിടെ മരിച്ചവരുടെ ഭൗതിക അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ ഫോറന്‍സിക് ലാബ് ഡയറക്ടര്‍ക്ക് റൂറല്‍ എസ്.പി.കത്തയച്ചു. ഫലം ലഭിക്കാന്‍ രണ്ടാഴ്ചയോളം സമയമെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഏഴോളം പേര്‍ക്ക് പോലീസ് നോട്ടീസയക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒസ്യത്ത് വ്യാജ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരെ വിളിച്ച് വരുത്തുക. ഇതിനിടെ ജോളിയുടെ ഫോണ്‍ പരിശോധിച്ച ശേഷം ചില ആളുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. ജോളിയുമായി തുടര്‍ച്ചയായി ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവരെ ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയേക്കും. അത്തരക്കാരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

അതിനിടെ ജോളിയുടെ ഭര്‍ത്താവ് ഷാജി ഇന്നലെ രാത്രി വീട്ടില്‍ നിന്ന് ചില ചാക്കുകെട്ടുകള്‍ മാറ്റിയതായി ഓട്ടോ ഡ്രൈവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചോദിച്ചപ്പോള്‍ പുസ്തകങ്ങളാണെന്നാണ് പറഞ്ഞതെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. ഷാജിക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെയും പൊലീസ് ചോദ്യം ചെയ്‌തേക്കും.

SHARE