പൂന്തുറയില്‍ നിന്നും പുറത്തേക്ക് പോയവരുടെ സമ്പര്‍ക്ക പട്ടിക സങ്കീര്‍ണം; രണ്ടാഴ്ച നിര്‍ണായകം

പൂന്തുറ: കൊവിഡ് വ്യാപനം രൂക്ഷമായ പൂന്തുറയില്‍ നിന്നും ജില്ലയുടെ പുറത്തേക്ക് പോയവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍ അതീവ ദുഷ്‌കരമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. കന്യാകുമാരിയില്‍ നിന്നെത്തിച്ച മത്സ്യം വില്‍പ്പനക്കായി കൊണ്ടുപോയവരിലൂടെ പ്രദേശത്തിന് പുറത്തും രോഗവ്യാപനമുണ്ടായോ എന്നതാണ് ആശങ്ക. വരാനിരിക്കുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.

രോഗവ്യാപനം രൂക്ഷമായാല്‍ പൂന്തുറയിലും നഗരത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നീളും. പൂന്തുറ മേഖലയില്‍ ഇന്നലെ രോഗമുണ്ടായവരില്‍ 12 പേര്‍ മത്സ്യത്തൊഴിലാളികളും വില്‍പ്പനക്കാരുമാണ്. തിരക്കേറിയ മാര്‍ക്കറ്റിലെത്തി പൂന്തുറയ്ക്ക് പുറത്തുള്ളവരും മീന്‍ വാങ്ങിയിട്ടുണ്ട്. വില്‍പ്പനയ്ക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയിട്ടുമുണ്ട്. ഇത് ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക. ഈ സമ്പര്‍ക്ക പട്ടിക കണ്ടെത്താനാണ് തീവ്രശ്രമം നടക്കുന്നത്.

പ്രതിദിനം 500 ആന്റിജന്‍ ടെസ്റ്റുകള്‍ പൂന്തുറ മേഖലയില്‍ മാത്രം നടത്തുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ ആദ്യം മാറ്റമുണ്ടാകുന്നതും പൂന്തുറയിലാകും. നിരവധി പേരിലേക്ക് രോഗം പകരുമെന്ന് കണക്കാക്കിയിരിക്കെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുന്നില്ല. ലക്ഷണമില്ലാത്തവരെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കാണ് മാറ്റുന്നത്. പൂന്തുറയിലെ നിലവിലെ നിയന്ത്രണങ്ങള്‍ ഫലം കണ്ട് തുടങ്ങാന്‍ രണ്ടാഴ്ച്ചയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

ജില്ലയില്‍ ഇതിനോടകം രോഗികള്‍ 300 കടന്നിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവ് തുടര്‍ന്നാല്‍ ചികിത്സാ രീതിയില്‍ മാറ്റം ആലോചിക്കും. നിയന്ത്രണം നിലനില്‍ക്കുന്ന മേഖലകള്‍ക്ക് പുറത്തും വ്യാപനം നടക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. വട്ടപ്പാറ, മണക്കാട്, പാച്ചല്ലൂര്‍, കടകംപള്ളി എന്നീ മേഖലകളില്‍ കഴിഞ്ഞ ദിവസം രോഗം റിപ്പോര്‍ട്ട് ചെയ്തു. പലതിനും ഉറവിടമറിയില്ല.

SHARE