പൂന്തുറയില്‍ മുന്നിട്ടിറങ്ങിയത് സിപിഎം നേതാക്കള്‍; പ്രതിപക്ഷമാണെന്ന ആരോപണം പൊളിയുന്നു

തിരുവനന്തപുരം: പൂന്തുറയില്‍ ജനങ്ങളെ ഇളക്കിവിട്ടത് പ്രതിപക്ഷമാണെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. തിരുവനന്തപുരം പൂന്തുറയില്‍ ജനങ്ങളെ ഇളക്കിവിട്ട പ്രതിഷേധത്തിന് സി.പി.എം നേതാക്കള്‍ നേതൃത്വം നല്‍കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പൂന്തുറ പള്ളി ജംഗ്ഷന്‍ ബ്രാഞ്ച് സെക്രട്ടറി ബേബി മാത്യു, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം പാനലില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ബെയിലിന്‍ദാസ് തുടങ്ങിയവര്‍ സമരമുഖത്തുണ്ടായിരുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പൂന്തുറയിലെ സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയും ഇതേ ആരോപണം ആവര്‍ത്തിച്ചിരുന്നു. പഴുതടച്ച രോഗപ്രതിരോധ മാര്‍ഗങ്ങള്‍ നടക്കുമ്പോള്‍ തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കോവിഡ് പോരാട്ടം അട്ടിമറിക്കാന്‍ ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നു. യുഡിഎഫ് നേതാക്കളാണ് അട്ടിമറിക്ക് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം പൊളിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബെയ്‌ലിൻ ദാസ്‌ പള്ളി വികാരിക്കൊപ്പവും ബേബി മാത്യൂ ഡിസിപിക്കൊപ്പം നിന്നും ജനങ്ങളെ അനുനയിപ്പിക്കുന്ന ചിത്രങ്ങൾ

സിപിഎം നേതാക്കള്‍ സമരമുഖത്തുണ്ടായിരുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിവാദം സര്‍ക്കാരിനെയും പാര്‍ട്ടിയേയും വെട്ടിലാക്കിയിരിക്കുകയാണ്. എന്നാല്‍ ദൃശ്യം പുറത്തുവിട്ട പ്രമുഖ മാധ്യമങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കവുമായാണ് സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിക്ക് പുറകില്‍ സ്വപ്‌ന സുരേഷ് നില്‍ക്കുന്ന ചിത്രം വ്യാജമാണെന്ന ആരോപണവുമായി സൈബര്‍ പോരാളികള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതും പൊളിയുന്നതാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ സംഭവിച്ചത്.

അതേസമയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം തിരിഞ്ഞുനോക്കാത്ത സര്‍ക്കാരിനെതിരെ ഗതികെട്ടാണ് തങ്ങള്‍ പ്രതിഷേധത്തിനിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന രോഗിയെ പുറത്തിറങ്ങാനാകാതെ പൊലീസ് തടഞ്ഞു. കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും അനുവാദമുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. ബാത് റൂം സൗകര്യമില്ലാത്ത സ്‌കൂളിലാണ് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ക്വാറന്റീന്‍ ഒരുക്കിയത്. സൗകര്യമുള്ള സ്‌കൂളുകളെ പ്രവാസികള്‍ക്കു വേണ്ടി ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കണമെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞപ്പോള്‍ പരിഹസിച്ചവരാണ് ഇപ്പോള്‍ പൂന്തുറക്കാരെ സൗകര്യമില്ലാത്ത സ്‌കൂളില്‍ അടച്ചിടുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അതിനിടെ സാമൂഹ്യ സുരക്ഷാ മിഷന്റെ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പൂന്തുറക്കാര്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയതും വിവാദമായി. പൂന്തുറ മാനേജ് ചെയ്യാന്‍ പറ്റാത്ത സ്ഥലമാണെന്നും അവിടുത്തെ ജനങ്ങള്‍ക്ക് തോക്കിന്റെ ഭാഷ മാത്രമേ മനസ്സിലാകൂ എന്നുമാണ് അഷീല്‍ പറഞ്ഞത്. വിവാദമായപ്പോള്‍ ഈ കമന്റ് ഡിലീറ്റ് ചെയ്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. തോക്ക് ജനങ്ങള്‍ക്കെതിരാണ്, കോവിഡിനെതിരല്ല എന്ന ഒരാളുടെ കമന്റിനു താഴെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ മറുപടി നല്‍കിയത്. പൂന്തുറക്കാര്‍ക്ക് തോക്കാണ് ഏറ്റവും വലിയ സന്ദേശമെന്നായിരുന്നു മറുപടി.

അതേസമയം, സ്ഥിതിഗതികൾ അതീവ ഗുരുതരമായ പൂന്തുറയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച്  ഒരു കൂട്ടര്‍ തെരുവിലിറങ്ങുകയും ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി ഐ.എം.എ. തിരുവനന്തപുരം രംഗത്തെത്തി. സംഭവം അപലപനീയമാണെന്നും പൊലീസ് സംരക്ഷണം ആവശ്യമാണെന്നും അവർ ആവശ്യപ്പെട്ടു.

SHARE