തിരുവനന്തപുരം: അഡാര്‍ ലവ്വിലെ വിവാദമായ ഗാനം മാണിക്യമലരായ പൂവിക്ക് പിന്തുണയുമായി പോപ്പുലര്‍ ഫ്രണ്ട്. ചിത്രത്തിലെ പാട്ട് നിരോധിക്കണമെന്ന അഭിപ്രായം ഇല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി.വിഷയത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കട്ടെ. ഈ പാട്ട് കൊണ്ട് ഇസ്ലാം മതത്തിനോ മതനേതാക്കള്‍ക്കോ ഒരു പരിക്കും പറ്റില്ലെന്നും സംസ്ഥാന സമിതി അംഗം സി അബ്ദുള്‍ ഹമീദ് പറഞ്ഞു.

പാട്ടിനെതിരെ ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. പാട്ടില്‍ പ്രവാചകനിന്ദ ഉണ്ടെന്നായിരുന്നു അവരുടെ ആരോപണം. അതിനിടെ, ഗാനം പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ ഒമറും പറഞ്ഞു. എന്നാല്‍ പിന്‍വലിക്കില്ലെന്ന് പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ചിത്രത്തിലെ മാണിക്യമലരായ പൂവി…. എന്ന ഗാനം പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്ന് യുവാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ഇതിലെ പ്രവാചക വിരുദ്ധത വ്യക്തമായെന്നും ഇവരുടെ പരാതിയില്‍ പറയുന്നുണ്ട്.