80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്ന് കേന്ദ്രം

രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്ന് രൂപയ്ക്ക് അരിയും, രണ്ട് രൂപയ്ക്ക് ഗോതമ്പും ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് വ്യക്തമാക്കിയത്്. രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ സാധാരണ ജീവിതത്തെ ബാധിക്കില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി.

അവശ്യ സാധനങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തിയ മന്ത്രി കരാര്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കുമെന്നും പറഞ്ഞു. പരിഭ്രാന്തരായി ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി സംഭരിക്കേണ്ട കാര്യമില്ലെന്നും എപ്പോഴും സാമൂഹിക അകലം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കടകളില്‍ പോകുമ്പോഴും അകലം പാലിക്കണം. കൈകള്‍ ശുചിയായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.