ബി.ജെ.പി അധികാരത്തിലെത്തിയാലും യെദിയൂരപ്പ മൂന്നുമാസം പോലും മുഖ്യമന്ത്രിയായിരിക്കില്ല: പ്രകാശ് രാജ്

ഉഡുപ്പി: കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാലും മൂന്നുമാസം പോലും മുഖ്യമന്ത്രിയായിരിക്കാന്‍ ബി.എസ്.യെദിയൂരപ്പക്ക് കഴിയില്ലെന്ന് പ്രകാശ് രാജ്. ആത്മാഭിമാനമില്ലാത്ത ആളാണ് യെദിയൂരപ്പ. സിദ്ധരാമയ്യയാണ് എന്തുകൊണ്ടും യെദിയൂരപ്പയെക്കാള്‍ മികച്ച വ്യക്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി കാര്യങ്ങള്‍ സിദ്ധരാമയ്യ ജനങ്ങള്‍ക്ക് വേണ്ടി ചെയ്തിട്ടുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. ഉഡുപ്പിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ഹിന്ദുക്കളോട് യാതൊരു വിദ്വേഷവുമില്ല. ഇന്ത്യക്കാര്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കണമെന്ന ആഗ്രഹം മാത്രമാണുള്ളത്. എന്നാല്‍ തന്നെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാനാണ് പലരും ശ്രമിക്കുന്നത്. ഹിന്ദുക്കളെ നയിക്കാന്‍ ബി.ജെ.പി കരാര്‍ എടുത്തിട്ടുണ്ടോ? എന്തിനാണ് ബി.ജെ.പി നേതാക്കള്‍ പതിവായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത്? പ്രകാശ് രാജ് ചോദിച്ചു.

ജനങ്ങളെ വിഘടിപ്പിക്കാന്‍ വര്‍ഗീയ വിഷം കുത്തിവെച്ചാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 12ന് മുമ്പ് വലിയ സംഘര്‍ഷം നടക്കാന്‍ സാധ്യതയുണ്ടെന്നും പ്രകാശ് രാജ് ആശങ്ക പ്രകടിപ്പിച്ചു.

SHARE