രാഹുല്‍ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന് മതേതര ഇന്ത്യയുടെ നേതൃസംഗമമായി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് മതേതര ഇന്ത്യ ഉറ്റുനോക്കുന്ന നേതൃസംഗമമായി. അതീവ ഹൃദ്യമായ സ്‌നേഹ സായന്തനം എന്ന് ഇഫ്താര്‍ സംഗമം വിശേഷിപ്പിക്കപ്പെട്ടു. റമസാനിന്റെ പവിത്ര സായാഹ്നത്തില്‍ തന്റെ മുന്‍ഗാമികളുടെ ആതിഥ്യ സ്മരണയില്‍ ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ താജ് പാലസില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന്; രാഷ്ട്രീയത്തിലെ ഭിന്ന രുചികളെയും സ്വരങ്ങളെയും ഒരേ ലക്ഷ്യത്തില്‍ ഐക്യപാതയില്‍ ചലിപ്പിക്കുന്നതിനുള്ള പ്രചോദനമായി.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി, ദിനേശ് തൃവേദി, മല്ലികാര്‍ജുന ഖാര്‍ഗെ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി.രാജ, ഗുലാം നബി ആസാദ്, എ.കെ ആന്റണി, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ആനന്ദ്ശര്‍മ, കനിമൊഴി എം.പി, എം.എം ഹസന്‍, പ്രൊഫ. കെ.വി തോമസ് തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികള്‍ ഇഫ്താറിനെത്തി. മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഫ്താറിനെത്താനായില്ല. രാഗുല്‍ഗാന്ധിക്ക് തങ്ങളുടെ സന്ദേശം പി.കെ കുഞ്ഞാലിക്കുട്ടി എം.പി കൈമാറി.