തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഡി.എം.കെക്ക് വേണ്ടി പ്രവര്‍ത്തിക്കും

ജെ.ഡി.യു വിട്ട രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനാണ് ഈ കാര്യം പുറത്ത്‌വിട്ടത്. ‘2021 ലെ തെരഞ്ഞെടുപ്പില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും തമിഴ്‌നാടിനെ അതിന്റെ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കാനുള്ള ഞങ്ങളുടെ പദ്ധതികള്‍ രൂപപ്പെടുത്താനും സഹായിക്കുന്നതിന്’ ഇന്ത്യന്‍ പിഎസി ‘എന്ന ബാനറില്‍ തമിഴ്‌നാട്ടിലെ മിടുക്കരും സമാന ചിന്താഗതിക്കാരായ നിരവധി യുവ പ്രൊഫഷണലുകള്‍ ഞങ്ങളോടൊപ്പം ചേരുന്നുവെന്ന് പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്!’ സ്റ്റാലിന്‍ കുറിച്ചു.

സ്റ്റാലിന് നന്ദിയറിച്ച് കൊണ്ട് ഐപാക് ട്വീറ്റ് ചെയ്തു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയ സുനില്‍. കെ കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞതോടെയാണ് പ്രശാന്ത് കിഷോര്‍ ചുമതലയേല്‍ക്കുന്നത്. എന്നാല്‍ ജെ.ഡിയുവില്‍ നിന്ന് പുറത്തായെങ്കിലും താന്‍ ബീഹാറില്‍ തന്നെ രാഷ്ട്രീയം തുടരുമെന്ന് പ്രശാന്ത് കിഷോര്‍ അറിയിച്ചിരുന്നു.

SHARE