ഡല്‍ഹി കലാപം; ബി.ബി.സിക്കും വിമര്‍ശനം

ഡല്‍ഹി കലാപത്തില്‍ ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആരോപിച്ച് ബി.ബി.സി നടത്തുന്ന അവാര്‍ഡ് ദാന ചടങ്ങിലേക്കുള്ള ക്ഷണം പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ വെമ്പതി നിരസിച്ചു. എട്ടിന് ഡല്‍ഹിയില്‍ ബി.ബി.സി നടത്തുന്ന ഇന്ത്യന്‍ വനിത കായികതാരങ്ങള്‍ക്കുള്ള അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി ശേഖര്‍ മറുപടി നല്‍കി. ആക്രമണ മേഖലയില്‍നിന്ന് ബി.ബി.സി നല്‍കിയ വാര്‍ത്തകള്‍ ഏകപക്ഷീയവും ആധികാരികമല്ലാത്തതും സാമുദായിക നിറം നല്‍കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

ബി.ബി.സി ഡയറക്ടര്‍ ജനറല്‍ ടോണി ഹാള്‍ മാര്‍ച്ച് നാലിനാണ് ശശി ശേഖറിനെ ചടങ്ങിലേക്ക് ക്ഷണിച്ച് കത്തയച്ചത്. ഇതിന് മറുപടിയില്‍, ബി.ബി.സി സംഘര്‍ഷം ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും എഡിറ്റോറിയല്‍ വിഭാഗം ഇതു പുനപരിശോധിക്കുമെന്നാണ് കരുതുന്നതെന്നും ശശി ശേഖര്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രമുഖചാനലുകളായ മീഡിയാ വണ്ണിനും ഏഷ്യാനെറ്റ് ന്യൂസിനും കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ന് രാവിലെയാണ് വിലക്ക് പിന്‍വലിച്ചത്.

SHARE