ഉപായാധ്യക്ഷന്‍

പ്രതിഛായ

ഹരിവന്‍ശ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാധ്യക്ഷനായി വരുമ്പോള്‍ രാജ്യത്തിന് ചില പ്രതീക്ഷകളാണ് തകരുന്നത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലമായ നിര അതിന്റെ ആദ്യ വെന്നിക്കൊടി പാറിക്കാന്‍ കഴിയുമായിരുന്നു രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍. ജനതാദള്‍ യു അംഗമായ ഹരിവന്‍ഷ് 105നെതിരെ 125 വോട്ടിന് ജയിച്ചു. ഒഡിഷയിലെ നവീന്‍ പട്‌നായിക്കും തെലുങ്കാനയിലെ രാജശേഖര റാവുവും എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് വന്നതോടെ തന്നെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷ തകര്‍ന്നിരുന്നു. എന്‍.സി.പിയും ഡി.എം.കെയും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നതും ജയസാധ്യതയില്ലെന്ന് മനസ്സിലാക്കിയാണ്. കോണ്‍ഗ്രസിന് പക്ഷെ മത്സരിച്ചേ പറ്റൂ. ഇതിന് മുമ്പ് രണ്ടു തവണ മാത്രമാണ് രാജ്യസഭക്ക് കോണ്‍ഗ്രസുകാരനല്ലാത്ത ഉപാധ്യക്ഷന്‍മാരുണ്ടാകുന്നത്. കോണ്‍ഗ്രസിലെ പി.ജെ കുര്യന്റെ കാലാവധി തീര്‍ന്ന ഉടനെ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. ബി.ജെ.പിയുടെ നീക്കങ്ങള്‍ വിജയിക്കും വരെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനൊന്നും ഇപ്പോള്‍ പ്രയാസമേതുമില്ല.

അതേസമയം ഏത് തരം വിട്ടുവീഴ്ചക്കും തയ്യാറായാലും പ്രതിപക്ഷ വിശാല സഖ്യം അത്ര എളുപ്പമല്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തുന്നുണ്ട്. അതുവരെ നരേന്ദ്രമോദിയെ വെല്ലുവിളിച്ച ശിവസേനയുടെ മടങ്ങിപ്പോക്ക്. പി.ഡി.പിയുടെയും ആപിന്റെയും വിട്ടുനില്‍പ്. രാഹുല്‍ഗാന്ധി നേരിട്ട് വിളിച്ചില്ലെന്ന് പറഞ്ഞാണ് ആംആദ്മി പാര്‍ട്ടി വോട്ട് രേഖപ്പെടുത്താതിരുന്നത്. ജെ.ഡി.യുവുമായുള്ള ആദര്‍ശപരമായ യോജിപ്പാണ് നവീന്‍ പട്‌നായിക്കിനെ ഹരിവന്‍ശിനെ പിന്തുണക്കാന്‍ പ്രേരിപ്പിച്ചത്. ബി.ജെ.പിയാകട്ടെ ഹരിവന്‍ശിനെ ഭരണഘടനാ പദവിയില്‍ പ്രതിഷ്ഠിക്കുക വഴി ജെ.ഡി.യുവിനെ ദേശീയ ജനാധിപത്യ സഖ്യത്തില്‍ ഉറപ്പിച്ചുനിര്‍ത്തുക കൂടിയായിരുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഹരിവന്‍ശിനെ ജയിപ്പിച്ചതോടെ ജെ.ഡി.യുവുമായി ബന്ധപ്പെട്ട ഊഹങ്ങള്‍ അവസാനിക്കുകയുമായി. നരേന്ദ്രമോദിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ച അന്ന് കലശലായ മോദി വിരോധം ബാധയായി കിട്ടിയ നിതീഷ് എല്ലാ വൈരവും വെടിഞ്ഞ് ലാലുപ്രസാദ് യാദവുമായി കൈകോര്‍ക്കുന്നതും കോണ്‍ഗ്രസുകൂടി ഉള്‍പ്പെട്ട മഹാസഖ്യം രൂപവല്‍ക്കരിക്കുന്നതും എല്ലാം പെട്ടെന്നായി. അങ്ങനെ നിയമസഭയില്‍ സഖ്യം ഭൂരിപക്ഷം നേടി ഭരിക്കവെയാണ് മറ്റൊരു ഉള്‍വിളി നിതീഷിനെ പിടികൂടിയത്. അത് മോദി ബാധയായിരുന്നു. ലാലുവിനെയും കോണ്‍ഗ്രസിനെയും വിട്ട് ദേശീയ ജനാധിപത്യ സഖ്യത്തിലെത്തിയ ജെ.ഡി.യുവിനെ സത്ക്കരിക്കാന്‍ കിട്ടിയ അവസരം ബി.ജെ.പി ഉപയോഗിക്കുകയായിരുന്നു. ബി.ജെ.പിയുടെ ഉപായത്തിനുള്ള അധ്യക്ഷ പദവിയാണിത്.

മാധ്യമ പ്രവര്‍ത്തകനില്‍ നിന്ന് രാഷ്ട്രീയ വേഷം കെട്ടുന്ന ആദ്യത്തെയോ അവസാനത്തെയോ ആളല്ല ഹരിവന്‍ശ്. രാഷ്ട്രീയ നേതാക്കളെ സൃഷ്ടിക്കുകയും ഉടച്ചുകളയുകയും ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കഴിയും. രാഷ്ട്രീയ നേതാക്കളെ പണം കൊടുത്തു നിലനിര്‍ത്തിപ്പോന്ന ചില പണക്കാരെങ്കിലും അതു വിട്ട് നേരിട്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ അനുഭവം കേരളത്തിനുണ്ട്. മാധ്യമ പ്രവര്‍ത്തനം വഴി ലഭിച്ച ജനസമ്മതിയും ബന്ധങ്ങളും രാഷ്ട്രീയ സ്ഥാനങ്ങള്‍ക്കായി ഉപയോഗിച്ചതിനും കേരളത്തില്‍ നിന്ന് ഉദാഹരണങ്ങളുണ്ട്. ദേശീയ തലത്തിലും അതെ. ബനാറസ് ഹിന്ദു സര്‍വകലാശാലയയില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും മാധ്യമ പ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും നേടി പുറത്തുവരുമ്പോള്‍ അടിയന്തിരാവസ്ഥയെ രാജ്യം പിന്നിട്ടുകഴിഞ്ഞിരുന്നു. ജയപ്രകാശ് നാരായണന്റെയും ഹരിവന്‍ശിന്റെയും ജന്മഗ്രാമം ഒന്നാണ്. ബീഹാര്‍- ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ സിതാസ് ദയാറ. ശരണ്‍, ബല്യ ജില്ലകള്‍ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഗ്രാമം. പഠിക്കുമ്പോഴായിരുന്നു അടിയന്തിരാവസ്ഥക്കെതിരെ ജെ.പിയുടെ പ്രസ്ഥാനം വന്നത്. സ്വാഭാവികമായും ആ ധാരയില്‍ ഹരിവന്‍ശും നീങ്ങി. രാഷ്ട്രീയത്തില്‍ തുടരാതെ ടൈംസ് ഓഫ് ഇന്ത്യയില്‍ പത്രപ്രവര്‍ത്തക ട്രെയിനിയായി കയറുകയായിരുന്നു. മാസം അഞ്ഞൂറ് രൂപ വേതനം. മുംബൈയില്‍ നിന്നുള്ള ധര്‍മയുഗ് എന്ന ഹിന്ദി പത്രത്തിലും പിന്നീട് ആനന്ദ് ബസാര്‍ പത്രിക ഗ്രൂപ്പിന്റെ രവിവാര്‍ വാരികയിലും പ്രര്‍ത്തിച്ചു. അതിനിടെയാണ് പ്രഭാത് ഖബറില്‍ അവസരം വരുന്നത്. 1989ല്‍ ഹരിവന്‍ശ് എത്തുമ്പോള്‍ പ്രഭാത് ഖബര്‍ ഊര്‍ധശ്വാസം വലിക്കുകയായിരുന്നു. ഇദ്ദേഹം എഡിറ്റര്‍ ഇന്‍ ചീഫ് കൂടി ആയതോടെ ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രചാരമുള്ള പത്രങ്ങളിലൊന്നായി മാറി.

ലാലുവും കുടുംബവും പ്രതികളായ കാലിത്തീറ്റ കുംഭകോണം അടക്കം പല അഴിമതിക്കഥകളും പുറത്തുകൊണ്ടുവന്നത് പ്രഭാത് ഖബര്‍ ആണ്. 2014ല്‍ രാജ്യസഭയിലെത്തുമ്പോഴാണ് രാജിവെച്ചത്. ഇതിനിടെ ചെറിയ കാലം പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മാധ്യമ ഉപദേഷ്ടാവായി. ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒഫീഷ്യല്‍ ലാംഗ്വേജ് ഓഫീസറായും ജോലി നോക്കി. ആര്യഭട്ട യൂണിവേഴ്‌സിറ്റിയില്‍ റിവേഴ്‌സ് സ്റ്റഡി സെന്ററിനായി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ചു. ഐ.ഐ.ടി പാറ്റ്‌നയില്‍ അന്യം നില്‍ക്കുന്ന ഭാഷയെ കുറിച്ച് പഠിക്കാനുള്ള സൗകര്യം ഏര്‍പെടുത്തിയതും ഇദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ്. സ്വന്തം രചനയിലും മറ്റുള്ള രചനയിലുമായി എഡിറ്റ് ചെയ്ത 19 പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. വേള്‍ഡ് എഡിറ്റേഴ്‌സ് ഫോറത്തില്‍ അംഗമാണ്. നാളെ ഭരണഘടനയെ തന്നെ സംഘ്പരിവാര്‍ താല്‍പര്യത്തിനനുസരിച്ച് മാറ്റി എഴുതുന്ന ഘട്ടത്തില്‍ അരുതെന്ന് പറയാന്‍ ജെ.പിയുടേതെന്നല്ല ഏതെങ്കിലും രാജ്യസ്‌നേഹിയുടെ ആത്മാവ് ഹരിവന്‍ശില്‍ പ്രവര്‍ത്തിക്കുമോ എന്ന് മാത്രമേ ഇനി നോക്കേണ്ടൂ.

SHARE