വിലക്കയറ്റം; ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് കെ.എച്ച്.ആര്‍.എ

കൊച്ചി: നിത്യോപയോഗസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് യോഗം.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സൂചകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

പ്രകൃതിദുരന്തങ്ങള്‍ മൂലം സവാള പോലുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടുമെന്ന് മനസിലാക്കിയിട്ടും യഥാസമയം പ്രതിവിധി കാണുവാനോ പുഴ്ത്തിവെയ്പ്പ്് തടയുവാനോ സര്‍ക്കാരുകള്‍ ശ്രമിച്ചില്ലെന്ന് യോഗം കുറ്റപ്പെടുത്തി. 17ന് എറണാകുളത്ത് ചേരുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം വിശദമായി ഈ വിഷയം ചര്‍ച്ച ചെയ്യുകയും തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതടക്കമുള്ള തീരുമാനമെടുക്കുമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടിഹാജിയും ജനറല്‍സെക്രട്ടറി ജി.ജയപാലും അറിയിച്ചു.

SHARE