കോവിഡിനിടെ ബഹിരാകാശമടക്കം എട്ടുമേഖലകളില്‍ സ്വകാര്യവല്‍ക്കരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗത്തില്‍ ഭാവിയില്‍ സ്വീകരിക്കേണ്ട സാമ്പത്തിക പരിഷ്‌കരണ നടപടികളെ കുറിച്ച് വിശദീകരിത്ത് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രധാനമന്ത്രി സൂചിപ്പിച്ച സ്വയം പര്യാപ്തത കൈവരിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണ് ഇന്നത്തെ പ്രഖ്യാപനങ്ങളില്‍ ബഹിരാകാശമടക്കം എട്ടുമേഖലകള്‍ക്ക് സ്വകാര്യവത്കരണത്തിന് വാതില്‍ തുറക്കുന്നതാണ് ഇന്നത്തെ പ്രഖ്യാപനങ്ങള്‍.

സ്വയം പര്യാപ്ത ഇന്ത്യക്കായി എട്ട് മേഖലകളിലാണ് ഊന്നല്‍ നല്‍കുന്നത്. കല്‍ക്കരി, ധാതു, വ്യോമയാനം, പ്രതിരോധ ഉല്‍പ്പാദനം, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളിലാണ് ഇന്നത്തെ പ്രഖ്യാപനം ഊന്നല്‍ നല്‍കിയത്. കൂടുതല്‍ നിക്ഷേപം, കൂടുതല്‍ ഉല്‍പ്പാദനം, കൂടുതല്‍ തൊഴില്‍ എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇന്ത്യയെ കരുത്തുള്ളതാക്കുകയും സ്വന്തം മികവുകളില്‍ ഊന്നിനിന്ന് മുന്നേറാന്‍ സഹായിക്കുന്നതാണ് പദ്ധതകള്‍ ലക്ഷ്യംവെക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

സിവില്‍ ഏവിയേഷന്‍, വൈദ്യുതി വിതരണ കമ്പനികള്‍, ബഹിരാകാശ മേഖല എന്നിവയടക്കം എട്ടു മേഖലകള്‍ക്കുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. കല്‍ക്കരി ഖനനത്തില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കും. വരുമാനം പങ്കിടുന്ന രീതിയില്‍ കല്‍ക്കരിപ്പാടം സ്വകാര്യ മേഖലയ്ക്ക് കൈമാറും. കല്‍ക്കരി ടണ്ണിന് വില ഈടാക്കുന്ന രീതി അവസാനിപ്പിക്കും. പരിസ്ഥിതിക്ക് ദോഷം വരാതെ കല്‍ക്കരി ഖനനം വ്യാപിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ലോകത്ത് കല്‍ക്കരി സമ്പത്തുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പൂര്‍ണ്ണമായും സര്‍ക്കാറിന്റെ കീഴിലാണ് ഖനി വ്യവസായം. കല്‍ക്കരി രംഗത്ത് വാണിജ്യവത്കരണത്തിനാണ് നീക്കമാവുന്നതോടെ മേഖലയില്‍ സര്‍ക്കാരിനുള്ള കുത്തക അവകാശം നീങ്ങും. സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടുവരാനും മത്സരം വര്‍ധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് ശ്രമമെന്ന് ധനമന്ത്രി പറഞ്ഞു. ടണ്ണിനെ അടിസ്ഥാനമാക്കിയുള്ള വരുമാനം മാറ്റും. വരുമാനം സ്വകാര്യ മേഖലയുമായി പങ്കുവക്കും. രാജ്യത്ത് കല്‍ക്കരി നിക്ഷേപമുള്ളത് കണ്ടെത്താനും സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കും. 50 കല്‍ക്കരിപ്പാടങ്ങള്‍ ഉടന്‍ സ്വകാര്യ മേഖലക്ക് കൈമാറും. കല്‍ക്കരി ഉത്പാദനം 100 ലക്ഷം ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 50000 കോടി രൂപ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.

ആഗോള വെല്ലുവിളികള്‍ നേരിടാനായാലേ സ്വയം പര്യാപ്തമാകാന്‍ രാജ്യത്തിന് സാധിക്കൂവെന്ന് ധനമന്ത്രി പറഞ്ഞു. പരിഷ്‌കാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഘടനാപരമായ മാറ്റം, തൊഴില്‍ സാധ്യത എന്നിവയാണ് ഇന്നത്തെ മുന്‍ഗണന നല്‍കുന്നത്. കൂടുതല്‍ ഉല്‍പ്പാദനം ലക്ഷ്യമിടുന്നതിനും ജോലി ഉറപ്പാക്കുന്നതുമാണ് ഇതെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയെ ബിസിനസ് സൗഹൃദ ഇടമാക്കി മാറ്റണം. നിക്ഷേപ സൗഹൃദ രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ നിരവധി നടപടികളാണ് സ്വീകരിച്ചത്. വ്യാവസായിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കും. സംസ്ഥാനങ്ങളില്‍ വ്യാവസായിക ക്ലസ്റ്ററുകളുടെ പരിഷ്‌കരണത്തിനായി നേരിടുന്ന വെല്ലുവിളികള്‍ പരിഹരിച്ച് പൊതുവായ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. വ്യാവസായി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ലാന്റ് ബാങ്ക് തയ്യാറാക്കും. ഇത് വ്യാവസായിക വിവര സംവിധാനം വഴി ജിഐഎസ് മാപ്പിങിന്റെ സംവിധാനത്തോടെ എല്ലാവര്‍ക്കും ലഭ്യമാക്കും.

പ്രതിരോധ സാമഗ്രികളുടെ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി ഈ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ നടപ്പിലാക്കും. ഓരോ വര്‍ഷവും നിശ്ചിത ആയുധങ്ങള്‍ക്കും മറ്റും ഇറക്കുമതി വിലക്കും. ഇറക്കുമതി ചെയ്യുന്ന സ്‌പെയറുകള്‍ തദ്ദേശീയമായി നിര്‍മിക്കും. ആഭ്യന്തര മൂലധന സമാഹരണത്തിനായി പ്രത്യേക ബജറ്റ് പ്രൊവിഷന്‍ ഉണ്ടാകും. ഇതിലൂടെ പ്രതിരോധ മേഖലയ്ക്കുള്ള ഉയര്‍ന്ന ഇറക്കുമതി ചെലവ് കുറയ്ക്കാനാവും. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് കോര്‍പറേറ്റ് വത്കരണം സാധ്യമാക്കും. ഇത് സ്വകാര്യവത്കരണം അല്ലെന്നും കേന്ദ്രമന്ത്രി പ്രത്യേകം വ്യക്തമാക്കി. മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനത്തിലേക്ക് ഉയര്‍ത്തും. എല്ലാ ക്ലിയറന്‍സുകളും അടിസ്ഥാനമാക്കിയാവും ഇതെന്നും അവര്‍ വ്യക്തമാക്കി. സമയ ബന്ധിതമായി പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന നടപടികള്‍ പൂര്‍ത്തിയാക്കും.

ഇന്ത്യയുടെ ബഹിരാകാശ ഉപകരണ വിക്ഷേപണ രംഗത്തും സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രിയുടെ പ്രഖ്യാപിച്ചു.
ഐഎസ്ആര്‍ഒ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സ്വകാര്യമേഖലയെ അനുവദിക്കും. സ്വകാര്യമേഖലയ്ക്ക് അവരുടെ ശേഷി മെച്ചപ്പെടുത്തുന്നതിനും മറ്റുമായാണ് ഇസ്റോയുടെ സൗകര്യങ്ങളും മറ്റ് പ്രസക്തമായ ആസ്തികളും ഉപയോഗിക്കാന്‍ അനുവദിക്കുക. ഭാവിയിലെ ഗ്രഹങ്ങളുടെ പര്യവേക്ഷണം, ബഹിരാകാശ യാത്ര, കൂടാതെ മറ്റു പലതും സ്വകാര്യമേഖലയ്ക്കായി തുറക്കപ്പെടുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജിയോ സ്‌പെഷല്‍ ഡാറ്റയുമായി ബന്ധപ്പെട്ട നയം തിരുത്തും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അടക്കം ഉപയോഗിക്കാനാവുന്ന വിധത്തില്‍ നയപരമായ മാറ്റം കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു