ഉന്നാവോ;വീട് സന്ദര്‍ശിച്ച് പ്രിയങ്ക, ബി.ജെ.പി ഭരണകൂടത്തിനെതിരെ പ്രതിഷേധം കത്തുന്നു

ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീ കൊളുത്തിയ യുവതി മരിച്ച സംഭവത്തില്‍ രാജ്യം കത്തുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം മരിച്ച യുവതിയുടെ വീട് സന്ദര്‍ശിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദങ്ങളെ കടുത്ത ഭാഷയിലാണ് പ്രിയങ്ക വിമര്‍ശിച്ചത്. ക്രിമിനലുകള്‍ക്ക് ജീവിക്കാനുള്ള നാടല്ല ഉത്തര്‍പ്രദേശ് എന്നായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന. എന്നാല്‍ ഒരു തവണ പീഡനകേസില്‍ പ്രതികളായവര്‍ വീണ്ടും അക്രമം അഴിച്ച്‌വിടുന്നത് കൈയ്യുംകെട്ടി നോക്കി നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് പ്രിയങ്ക പറഞ്ഞു.

ഉന്നാവോ വിഷയത്തില്‍ രാജ്യത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. യുവതിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരായ കമല്‍ റാണി വരുണിനെയും പ്രസാദ് മൗര്യയെയും സാക്ഷി മഹാരാജിനെയും നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ അംഗങ്ങള്‍ തടഞ്ഞിരുന്നു.മരിച്ച യുവതിക്ക് നീതി ലഭിക്കും വരെ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് എന്‍.എസ്.യു.ഐ അറിയിച്ചു.യുവതിക്ക് നീതി ലഭിക്കുന്നത് വരെ പോരാടുമെന്ന് യുവതിയുടെ കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്.നീതി ലഭിക്കും വരെ പ്രിയങ്കാ ഗാന്ധിയും തങ്ങളുടെ കൂടെ നിലകൊള്ളുമെന്ന് അറിയിച്ചതായും കുടുംബം വ്യക്തമാക്കി.

SHARE