പ്രിയങ്കഗാന്ധി പൊലീസ് കസ്റ്റഡിയില്‍; മിര്‍സാപൂരില്‍ നിരോധനാജ്ഞ

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മിര്‍സാപുര്‍ പൊലീസ് പ്രിയങ്കയെ തടഞ്ഞ് കരുതല്‍ കസ്റ്റഡിയിലെടുത്തത്. പത്തുപേരാണ് പ്രിയങ്കക്കൊപ്പമുണ്ടായിരുന്നത്.

മിര്‍സാപൂരിലെത്തിയ പ്രിയങ്കയെ പൊലീസ് തടഞ്ഞതോടെ പ്രിയങ്കയും നേതാക്കളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും പോകാനാവില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രിയങ്കയും സംഘവും വഴിയില്‍കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

നാലു പേര്‍ മാത്രമായി മുന്നോട്ടുപോവാമെന്ന് പറഞ്ഞിട്ടും പൊലീസ് വിട്ടില്ലെന്ന് പ്രിയങ്ക മാധ്യമങ്ങളോടു പറഞ്ഞു. തന്നെ പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയാണ്. എങ്ങോട്ടാണ് കൊണ്ടുപോവുന്നതെന്ന് അറിയിച്ച് സമാധാനപരമായി സോണ്‍ഭദ്രയിലേക്കു പോവുക മാത്രമായിയിരുന്നു തന്റെ ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേരാണ് മിര്‍സാപൂരില്‍ കൊല്ലപ്പെട്ടത്. 24 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

SHARE