രാജീവ് ഗാന്ധിക്കൊപ്പമുള്ള അവസാന ചിത്രം പങ്കുവെച്ച് പ്രിയങ്കഗാന്ധി

ന്യൂഡല്‍ഹി: പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചരമദിനത്തില്‍ പിതാവിനൊപ്പമുള്ള അവസാന ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും മകളുമായ പ്രിയങ്കഗാന്ധി. രാജീവ് ഗാന്ധി പ്രിയങ്കഗാന്ധിയുടെ തോളില്‍ കൈ ചേര്‍ത്തു നില്‍ക്കുന്ന ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രിയങ്ക പങ്കുവെച്ചത്. അന്ന് പത്തൊമ്പുവയസ്സുകാരിയാണ് പ്രിയങ്ക.

‘നിങ്ങളോട് ദയയില്ലാത്തവരോട് ദയ കാണിക്കുക; ആകാശം എത്ര ഇരുണ്ടതായാലും കൊടുങ്കാറ്റ് ഭയപ്പെടുത്തിയാലും നിങ്ങള്‍ നടക്കുന്നത് തുടരുക,; എത്ര വലിയ സങ്കടങ്ങളുണ്ടായാലും അത് സ്‌നേഹത്തില്‍ നിറയ്ക്കുക; ഇവയാണ് എന്റെ പിതാവിന്റെ ജീവിതത്തിലെ സമ്മാനങ്ങള്‍’ ചിത്രത്തിനൊപ്പം പ്രിയങ്കഗാന്ധി ചേര്‍ത്തു. നേരത്തെ രാജ്യസ്‌നേഹിയായ പിതാവിന്റെ മകനായതില്‍ അഭിമാനിക്കുന്നുവെന്നും രാഹുലും പ്രതികരിച്ചിരുന്നു.

ഇന്ദിരാഗാന്ധിയുടെ മരണശേഷം 40-ാം വയസില്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി 1991-ല്‍ തമിഴ്‌നാട്ടില്‍ വെച്ച് കൊല്ലപ്പെടുന്നത്. അതേസമയം, രാജീവ് ഗാന്ധിയുടെ ചരമദിനത്തില്‍ പ്രവര്‍ത്തകരോട് വേറിട്ട അഭ്യര്‍ത്ഥനയുമായി നേതൃത്വം രംഗത്തുവന്നു. രാജീവ്ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ പരസ്യപ്രചരണത്തിനായി പണം ചെലവഴിക്കാതെ ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ ദിവസക്കൂലി തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം രാജ്യമെമ്പാടുമുള്ള പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചത്. രാജീവ്ഗാന്ധി എന്നും പാവപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആഗ്രഹിച്ചതും അതിനായാണ് പരിശ്രമിച്ചതും. കൊറോണ പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് രാജീവ്ഗാന്ധി ചരമദിനത്തില്‍ പരസ്യങ്ങളൊന്നും വേണ്ട എന്നാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. പ്രവര്‍ത്തകരും അതിനോട് സഹകരിക്കണം. ശരിയായ ദിശയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്താന്‍ ഇതുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. അത് തുടരണമെന്ന് ട്വിറ്ററിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പുറയുന്നു.

SHARE