ട്വിറ്ററില്‍ വരവറിയിച്ച് ഒരു മാസം; ഗുജറാത്തില്‍ നിന്ന് ആദ്യട്വീറ്റുമായി പ്രിയങ്കഗാന്ധി

അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്ന് ആദ്യ ട്വീറ്റുമായി ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഗുജറാത്തില്‍ നിന്നും പ്രിയങ്ക ട്വീറ്റ് ചെയ്തത്. സബര്‍മതിയുടെ അന്തസില്‍ ലാളിത്യം നിലകൊള്ളുന്നുവെന്നായിരുന്നു ആദ്യ ട്വീറ്റ്. ട്വിറ്ററില്‍ എത്തിയ പ്രിയങ്ക ഒരു മാസത്തിനു ശേഷമാണ് ട്വീറ്റ് ചെയ്യുന്നത്. ഇന്നലെ അഹമ്മദാബാദില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനു ശേഷം ആദ്യമായാണ് പ്രിയങ്കഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചതും.

മഹാത്മാഗാന്ധിയുടെ വാക്കുകളായിരുന്നു പ്രിയങ്കയുടെ രണ്ടാമത്തെ ട്വീറ്റ്. താന്‍ ഹിംസക്കെതിരാണെന്നും അത് ചില നന്‍മകളുണ്ടാക്കുമെന്ന് പ്രത്യക്ഷത്തില്‍ ്പ്രതീതി സൃഷ്ടിക്കുമെങ്കിലും അവയെല്ലാം താല്‍ക്കാലികമാണെന്നുമായിരുന്നു രണ്ടാമത്തെ ട്വീറ്റ്. 58 വര്‍ഷത്തിന് ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. അതിനു ശേഷം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമായിരുന്നു പ്രിയങ്കഗാന്ധിയുടെ സബര്‍മതി സന്ദര്‍ശനം.

ഒരുമാസം മുമ്പാണ് പ്രിയങ്ക ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അരലക്ഷം പേര്‍ പിന്തുടര്‍ന്നെങ്കിലും പ്രിയങ്ക ഏഴുപേരെ മാത്രമാണ് പിന്തുടര്‍ന്നത്. രാഹുല്‍ഗാന്ധി, സച്ചിന്‍പൈലറ്റ്, അഹമ്മദ് പട്ടേല്‍, ജ്യോതിരാദിത്യ സിന്ധ്യ,രണ്‍ദീപ് സുജേവാല, അശോക് ഗെഹ്ലോട്ട് എന്നിവരെയാണ് പ്രിയങ്ക പിന്തുടരുന്നത്. നിലവില്‍ 2.37ലക്ഷം പേര്‍ പ്രിയങ്കയെ പിന്തുടരുന്നുണ്ട്.

അഹമ്മദാബാദില്‍ മോദിക്കെതിരേയും ബി.ജെ.പി ക്കെതിരേയും പ്രിയങ്കഗാന്ധി രൂക്ഷവമിര്‍ശനങ്ങളായിരുന്നു നടത്തിയിരുന്നത്. നിങ്ങളുടെ മുന്നിലിരുന്ന് നിങ്ങള്‍ക്ക് തൊഴില്‍ നല്‍കാമെന്ന് പറഞ്ഞയാളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കൂ, എന്നിട്ട് തീരുമാനമെടുക്കൂ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍. അയാള്‍ വാഗ്ദാനം ചെയ്ത 15 ലക്ഷവും സ്ത്രീസുരക്ഷയും എവിടെയാണ്? ഈ രാജ്യത്ത് വെറുപ്പും വിദ്വേഷവും പരത്തുകയാണ് അയാള്‍ ചെയ്യുന്നത്. രാജ്യത്തിന്റെ അടിസ്ഥാനം സ്‌നേഹവും സാഹോദര്യവുമാണ്. ഈ ദിവസങ്ങളില്‍ വളരെ ദു:ഖകരമായ കാര്യങ്ങളാണ് ഇവിടെ സംഭവിച്ചുകൊണ്ടിരുന്നത്. ബോധവല്‍ക്കരണത്തേക്കാള്‍ വലിയതല്ല രാജ്യസ്‌നേഹമെന്നും നിങ്ങളുടെ വോട്ടുകളാണ് വലിയ ആയുധമെന്നും അത് ശരിയായി വിനിയോഗിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.