ഷൈന്‍ നിഗത്തിന് വിലക്ക്; ഷൂട്ടിങ് സെറ്റുകളില്‍ ലഹരി പരിശോധന വേണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: നടന്‍ ഷൈന്‍ നിഗം സിനിമകളോട് സഹകരിക്കുന്നില്ലെന്നും ഷൈന്‍ നിഗത്തെ സിനിമയില്‍ വിലക്കുകയാണെന്നും നിര്‍മ്മാതാക്കളുടെ സംഘടന. യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍.

നടന്റെ ഭാഗത്തു നിന്നുള്ള ആവര്‍ത്തിച്ചുള്ള നിസ്സഹകരണമാണ് വിലക്കിന് കാരണം. ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും സ്വബോധത്തോടെ പെരുമാറുന്നത് പോലെയല്ല ഷൈന്‍ നിഗമെന്നും അസോസിയേഷന്‍ പറഞ്ഞു. സിനിമയിലെ യുവതലമുറയില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരികയാണെന്നും ഷൂട്ടിങ് സെറ്റുകളില്‍ ലഹരിമരുന്ന് പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഷൈന്റെ നിസ്സകരണം മൂലം വെയില്‍, ഖുര്‍ബാനി എന്നീ സിനിമകള്‍ ഉപേക്ഷിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് ഷൈന്‍ നിഗത്തിന്റെ പ്രതികരണം. ഷൈന്‍ കാരണം സിനിമകള്‍ക്കുണ്ടായ ഏഴ് കോടി നഷ്ടം തീര്‍ത്താല്‍ മാത്രമേ തുടര്‍ന്ന് സിനിമകളില്‍ അഭിനയിപ്പിക്കുകയുള്ളുവെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. സിനിമാ സെറ്റുകളില്‍ എല്‍എസ്ഡി അടക്കമുള്ള ലഹരിവസ്തുക്കള്‍ എത്തുന്നുണ്ട്. ചില താരങ്ങള്‍ കാരവാനില്‍ നിന്ന് ഇറങ്ങാറില്ല. ലൊക്കേഷനില്‍ പൊലീസ് പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു.

SHARE