രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അണിചേരേണ്ട സമയം വൈകിയിരിക്കുന്നു; ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരായി രാജ്യത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകളും അണിചേരേണ്ട സമയം വൈകിയിരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം. പി. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്‌ലിം ലീഗ് നടത്തിയ മനുഷ്യാവകാശ സംരക്ഷണ ദിനാചരണം മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന് മുമ്പില്‍ ഇന്ത്യക്കുള്ള രണ്ട് യശസ്സുകളില്‍ ഒന്ന് ഈ നാട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെന്നുള്ളതാണ്. മറ്റൊന്നാകട്ടെ ഈ നാട് അംഹിസ എന്ന അടിസ്ഥാന പ്രമാണത്തില്‍ നിന്നു രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിന് നായകത്വം വഹിച്ച മഹാത്മാഗാന്ധിയുടെ ദര്‍ശനങ്ങളെ അംഗീകരിച്ച് മുന്നോട്ട് പോയിരുന്ന രാജ്യമായിരുന്നുവെന്നുള്ളതാണ്. ഈ രണ്ട് സങ്കല്‍പങ്ങളും തകരുകയാണ്. എല്ലാദിവസവും പത്രങ്ങളില്‍ വരുന്നത് തുടര്‍ച്ചയായിട്ടുള്ള മനുഷ്യവകാശ ലംഘനങ്ങളാണ്. യു.എന്‍ അടക്കമുള്ള അന്തര്‍ദേശീയ സംഘടനകള്‍ പലതും ഇക്കാര്യം ഇതിനകം തന്നെ വ്യക്തമാക്കി. ഇന്ത്യയില്‍ നടക്കുന്ന മനുഷ്യവകാശ ധ്വംസനങ്ങളെ പറ്റി ലോകത്തിലെ പല രാജ്യങ്ങളിലും ഞെട്ടിത്തരിപ്പിക്കുന്ന വാര്‍ത്തകളാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. അംഹിസയില്‍ അധിഷ്ടിതമായി ഒരു രാജ്യം ഹിംസയുടെ മുഖമായി മാറുകയാണ് ഇ.ടി പറഞ്ഞു

മതത്തിന്റെ പേരിലും ജാതിയുടെ പേരിലുമൊക്കെ അനുദിനം നടമാടികൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. ഇവിടെ തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയുമെല്ലാം ഇല്ലായ്മ ചെയ്തുവെന്ന് നമ്മള്‍ അഭിമാനിക്കുന്നുണ്ടുവെങ്കിലും അവയെല്ലാം തിരിച്ചുകൊണ്ടു വരുന്ന വികൃതമായ നയങ്ങളാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാന പ്രമാണങ്ങളെയും തകര്‍ത്തു രാജ്യത്തെ ഏകാധിപത്യ പ്രവണതയിലേക്ക് കൊണ്ടുപോകുന്ന പദ്ധതികള്‍ വളരെ അസൂത്രിതമായി സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്.

സി. എ .എ, എന്‍.ആര്‍.സി , എന്‍.പി.ആര്‍ പ്രശ്‌നങ്ങള്‍ക്കെതിരായി ഇന്ത്യയില്‍ വ്യവസ്ഥാപിതമായ സമരമുറകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കെതിരെ യു.എ.പി.എ. ചുമത്തുകയും രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരം പ്രക്ഷോഭ സമരങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ ക്രൂരമായ പ്രതികാര നടപടികള്‍ എടുക്കുകയും ചെയ്ത് ചിത്രമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ദലിത് പിന്നോക്ക ജന വിഭാഗങ്ങള്‍ വീണ്ടും ചവിട്ടിതാഴ്ത്തപ്പെടുന്ന ലക്ഷണങ്ങളാണ് കാണുന്നത്. മനുഷ്യവകാശ ലംഘത്തിനെതിരായി സംസാരിച്ച ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തുകയുണ്ടായി. മതവിദ്വേഷം ഊതിവീര്‍പ്പിച്ച് രാജ്യത്ത് അരാജകത്വം ഉണ്ടാക്കുക എങ്ങനെയെന്ന് ബി.ജെ.പി. അതിന്റെ രാഷ്ട്രീയ രസതന്ത്രശാലയില്‍ ഗൗരവമായി പ്ലാന്‍ ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു അവസ്ഥാവിശേഷത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ സമാനചിന്താഗതിയുള്ളവര്‍ ഒരുമിച്ച് മുന്നോട്ട് നീങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കെ. എന്‍. ഷാനവാസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി വി. മുസ്തഫ സംസാരിച്ചു

SHARE