പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷം; പൗരത്വഭേദഗതിക്കെതിയുള്ള സമരം അനാവശ്യമെന്ന് പത്മശ്രീ ജേതാവ് എം.കെ കുഞ്ഞോല്‍

പത്മശ്രീ പുരസ്‌കാരം ലഭിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് ഈ വര്‍ഷത്തെ പത്മശ്രീ ജേതാവും പെരുമ്പാവൂരുകാരനുമായ എം.കെ കുഞ്ഞോല്‍. പുരസ്‌കാരം അപ്രതീക്ഷിതമായിരുന്നെന്നും ഒരുപാട് സന്തോഷമുണ്ടെന്നും പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞതായി ‘മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വഭേദഗതിക്കെതിരേ ഇപ്പോള്‍ നടക്കുന്ന സമരം അനാവശ്യവും രാഷ്ട്രീയപ്രേരിതമാണെന്നുമാണ് എന്റെ നിലപാട്. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന ബംഗ്ലാദേശികളെ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കാന്‍ കഴിയില്ല. ഈ അടുത്ത് പെരുമ്പാവൂരില്‍ പോലും നിരവധി ബംഗ്ലാദേശികളാണ് ഉള്ളത് ഇവരെക്കുറിച്ച് യാതൊരു വിവരവും സര്‍ക്കാരിന് ഇല്ല. ഇന്ന് ഈ പ്രക്ഷോഭവുമായി എത്തുന്ന ആരെങ്കിലും ഭരണഘടന കണ്ടിട്ടുണ്ടോ എന്നത് പോലും സംശയമാണ്. ഇന്ന് കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഭരണ ഘടന നിലവില്‍ വന്ന് നാല്പത്തിയമ്പൊതര വര്‍ഷവും കോണ്‍ഗ്രസാണ് രാജ്യം ഭരിച്ചത്. ആര്‍ട്ടിക്കിള്‍ 44,38, 335 എന്നീ വകുപ്പുകള്‍ പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തെക്കുറിക്കുന്നതാണ്. ഈ വകുപ്പുകള്‍ നടപ്പാക്കാന്‍ അവര്‍ യാതൊന്നും ചെയ്തില്ല. ആര്‍ട്ടിക്കിള്‍ 335 നടപ്പാക്കിയിരുന്നെങ്കില്‍ ഈ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ജോലി അവര്‍ക്ക് തന്നെ കിട്ടുമായിരുന്നു. പക്ഷേ ഇതൊന്നും നടപ്പാക്കാത്തവര്‍ എങ്ങനെയാണ് ഇപ്പോള്‍ രാജ്യസ്‌നേഹം പറയുന്നത്. രാജ്യത്തെ എഴുത്തുകാര്‍ വിദേശ ബന്ധമുള്ളവരാണ്. പുസ്തകം പ്രസിദ്ധീകരിച്ച് പണം ഉണ്ടാക്കണമെന്നതല്ലാതെ പരിവര്‍ത്തനത്തിന് വേണ്ടി ഉദ്‌ഘോഷിക്കുന്നതല്ല ഇന്നത്തെ എഴുത്തുകളൊന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച കുഞ്ഞോന്‍, താനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്നും വാദിച്ചു. താന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഉമ്മന്‍ചാണ്ടിയും എ.കെ.ആന്റണിയുമൊക്കെ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഞാനാണ് മുതിര്‍ന്നതെന്നും അക്കാലത്താണ് ഒരണ സമരത്തില്‍ വിദ്യാര്‍ഥികളെയും കൂട്ടി ആദ്യബാച്ച് സമരത്തെ മുന്നില്‍ നിന്ന് നയിച്ചത് ഞാന്‍ ആയിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച കുഞ്ഞോല്‍ 1982ലെ വിശാലഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്തതോടെയാണ്‌ ആര്‍ എസ് എസ് പ്രസ്ഥാനങ്ങളുമായുള്ള കുഞ്ഞോലിന്റെ ബന്ധം സുദൃഢമാകുന്നതും ഹൈന്ദവ നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളില്‍ ഒരാളായി മാറുന്നതും. തുടര്‍ന്ന് നിലയ്ക്കല്‍ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത്, സംസ്ഥാനത്തുടനീളം പ്രസംഗിക്കുകയും ചെയ്തു. ക്ഷേത്രവിമോചന സമരത്തോടനുബന്ധിച്ച് രണ്ട് യാത്രകള്‍ ഗുരുവായൂരിലേക്ക് സംഘടിപ്പിച്ചിരുന്നു. മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്ര സ്വാമി സത്യാനന്ദ സരസ്വതിയും, അരുവിപ്പുറത്തുനിന്ന് ആരംഭിച്ച യാത്ര എം.കെ. കുഞ്ഞോലുമാണ് നയിച്ചത്. കേരള സര്‍ക്കാരിന്റെ അംബേദ്കര്‍ പുരസ്‌കാരം മാത്രം ലഭിച്ച കുഞ്ഞോലിനെ തേടിയാണിപ്പോള്‍ മോദി സര്‍ക്കാര്‍ കാലത്ത് പത്മശ്രീ പുരസ്‌കാരം എത്തുന്നത്.

SHARE