പുല്‍വാമ; ആ നാല്‍പത് ധീരരെ നമുക്ക് മറക്കാതിരിക്കാന്‍ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്

പുല്‍വാമയുടെ ഓര്‍മക്ക് ഇന്നേക്ക് ഒരു വര്‍ഷം. ഇന്ത്യക്കു വേണ്ടി കാവലിരുന്ന 40 ധീരപട്ടാളക്കാരുടെ രക്തസാക്ഷിത്വ ദിനം. ഇന്ത്യ കണ്ട ഏറ്റവും വലിയ മറക്കാനോ പൊറുക്കാനോ ആവാത്ത പട്ടാള അക്രമത്തിനു പിന്നിലെ കരങ്ങളെ കണ്ടെത്താന്‍ കൊല്ലം ഒന്നായിട്ടും ദേശീയ അന്വേഷണ ഏജന്‍സിക്ക് ആയിട്ടില്ല. കേസില്‍ ഇതുവരെ ഒരു അറസ്റ്റില്ല, ചാര്‍ജ് ഷീറ്റില്ല, ദേവീ്ന്ദര്‍ സിങ്ങിന് അതില്‍ വല്ല പങ്കുമുണ്ടായിരുന്നോ എന്ന അന്വേഷണം പോലുമില്ല.

ആ ഓര്‍മയെ അനുസ്മരിക്കുന്നതോടൊപ്പം തന്നെ മൂന്നു ചോദ്യങ്ങള്‍ നാം നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കണം.
1) അക്രമത്തിനുപയോഗിച്ച മുന്നൂറ് കിലോ ആര്‍.ഡി.എക്‌സ് സ്‌ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്തിയോ?
2) ഒരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതെന്തിനായിരുന്നു?
3) അക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണ്?

ഒരു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പിയുടെ നാറിയ കളിയായിരുന്നോ പുല്‍വാമ എന്നുവരെ സംശയിക്കുന്നവരുണ്ട്. അങ്ങനെ സംശയിക്കുന്നവരെ കുറ്റം പറയാനൊക്കില്ല താനും. എന്തെന്നാല്‍ തെരഞ്ഞെടുപ്പ് വിജയിച്ചു കഴിഞ്ഞതോടെ അതിനുമേലുള്ള അന്വേഷണങ്ങള്‍ അങ്ങേയറ്റത്തെ മന്ദഗതിയിലാണ് നടക്കുന്നത്. അടുത്ത കാലത്തൊന്നുമില്ലാത്ത വിധം രാജ്യസുരക്ഷയുടെ മേല്‍ വെല്ലുവിളി ഉയര്‍ത്തി നടന്ന ആ ഹീനകൊലപാതകത്തിന്റെ ഉത്തരവാദിത്വം പേറുന്നവരെ കണ്ടെത്താന്‍ പോലും, അതിലേക്കുള്ള ഒരു സൂചനയെങ്കിലും കണ്ടെത്താന്‍ എന്‍.ഐ.എക്കു പറ്റുന്നില്ലെങ്കില്‍ പിന്നെ ആ സംവിധാനം പ്രവര്‍ത്തിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?

അവിടെയാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്ന ചോദ്യങ്ങള്‍ പ്രസക്തമാവുന്നത്. പുല്‍വാമ അക്രമണത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരായിരുന്നു എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ഈ കണ്ട സുരക്ഷാ വീഴ്ച ഉണ്ടായിട്ടും അതിന്റെ കാരണക്കാര്‍ ആരാണ് എന്നെങ്കിലും കണ്ടെത്തിയോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

പുല്‍വാമയെയും ബാലാക്കോട്ടിനെയും പൊതിഞ്ഞു കെട്ടിയ ദേശസ്‌നേഹത്തിന്റെ മേലാണ് ബി.ജെ.പി രണ്ടാമതും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത്. രാജ്യഭരണം കിട്ടാന്‍ വേണ്ടി ബാലാക്കോട്ടില്‍ 300 പേരെ കൊന്നെന്നുവരെ പറഞ്ഞ് അവര്‍ വോട്ടു നേടി. അങ്ങനെ നേടിയ വോട്ടു കൊണ്ട് ജയിച്ച അവര്‍ക്ക് പിന്നീട് പുല്‍വാമയും വേണ്ട ബാലാക്കോട്ടും അന്വേഷിക്കേണ്ട. പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിന് ഉത്തരവാദികളായ ആളുകളെ കണ്ടെത്തിയിട്ടില്ല എന്ന പോലെ തന്നെ ബാലാക്കോട്ടില്‍ മരിച്ചെന്നു പറയുന്ന 300 പേരുടെ മേല്‍വിലാസവുമില്ല. 40 പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളിലുണ്ടാകുന്ന ഒരു വൈരാഗ്യ ബോധമുണ്ടല്ലോ. ആ ബോധത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമുള്ളതായിരുന്നോ ബാലാക്കോട്ടെ 300 പേര്‍ എന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു.

വീട്ടില്‍ നിന്ന് പോവുമ്പോള്‍ ഉറ്റവര്‍ കണ്ണീരോടെ പറഞ്ഞയച്ചവരായിരുന്നു ആ 40 പേര്‍. തിരികെ വീട്ടിലെത്തിയപ്പോഴാവട്ടെ തോരാത്ത കണ്ണീരായി മാറി അവര്‍. രാജ്യം ഇന്ന് ആ ഓര്‍മകള്‍ക്കൊപ്പം നില്‍ക്കുന്നു.