മുംബൈ: രാജ്യത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ 11,000 കോടി രൂപയുടെ തട്ടിപ്പ്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആരംഭിച്ചു. 280 കോടി രൂപയുടെ തട്ടിപ്പിന് നിലവില്‍ അന്വേഷണം നേരിടുന്ന കോടീശ്വരനായ രത്‌നവ്യാപാരിക്കെതിരെയാണ് സംശയത്തിന്റെ മുനകള്‍ നീളുന്നത്. നീരവ് മോദിയെന്ന ഈ വ്യവസായിക്കെതിരെ രണ്ടു പരാതികള്‍ ബാങ്ക് അധികൃതര്‍ സി.ബി.ഐക്ക് കൈമാറി. ഒരു ജ്വല്ലറിക്കെതിരേയും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് നീരവിന്റെ ജ്വല്ലറിയാണോ എന്ന് വ്യക്തമായിട്ടില്ല.

രാജ്യത്തെ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് കണ്ടെത്തിയിരിക്കുന്നത്. 1,700 കോടി ഡോളറിന്റെ (11,000 കോടി രൂപ) തട്ടിപ്പാണ് പൊതുമേഖല ബാങ്കായ പി.എന്‍.ബിയില്‍ നടന്നതായി ബാങ്ക് തന്നെ സ്ഥിരീകരിച്ചത്. മുബൈയിലെ ബ്രാഡി ഹൗസ് ശാഖയിലാണ് തിരിമറി നടന്നത്. ചില ജീവനക്കാരുടെ സഹായത്തോടെ ഈ ബ്രാഞ്ചിലെ ഏതാനും അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം വിദേശത്ത് നിന്ന് പിന്‍വലിച്ചിട്ടുണ്ട്. കൂടാതെ അക്കൗണ്ടിലുള്ള തുക ഈട് കാണിച്ച് വിദേശത്ത് നിന്ന് ഇവര്‍ വായ്പ സ്വന്തമാക്കുകയും ചെയ്തതിട്ടുണ്ടെന്നാണ് നിഗമനം.