പുത്തുമലയിലും കവളപ്പാറയിലും ഇന്നും തിരച്ചില്‍ തുടരും; 33 പേരെ ഇനിയും കണ്ടെത്താനായില്ല

പുത്തുമലയിലും കവളപ്പാറയിലും ഇന്നും തിരച്ചില്‍ തുടരും; 33 പേരെ ഇനിയും കണ്ടെത്താനായില്ല


തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ കനത്ത മഴ ദുരിതം വിതച്ച കവളപ്പാറയിലും പുത്തുമലയിലും ഇന്നും തിരച്ചില്‍ തുടരും. കവളപ്പാറയില്‍ 26 പേരെയും പുത്തുമലയില്‍ ഏഴുപേരെയും ഇനിയും കണ്ടെത്തിയില്ല. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാവിലെ ഏഴരയോടെ തുടങ്ങും. പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചില്‍ നടത്തും. അതേ സമയം മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരാണ് ഉള്‍പ്പെട്ടത്. ഒരാഴ്ച പിന്നിട്ട തെരച്ചിലിനൊടുവില്‍ 31 പേരെയാണ് ആകെ കണ്ടെത്താനായത്. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. കമല (55), സുകുമാരന്‍ (63), രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് മരിച്ചവരുടെ എണ്ണം 33 ആയി. ഇനി 26 പേരെയാണ് മണ്ണിനടിയില്‍ നിന്ന് കണ്ടെത്താനുള്ളത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇന്ന് വൈകീട്ട് കവളപ്പാറയിലെത്തും. ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദര്‍ശിക്കും.

NO COMMENTS

LEAVE A REPLY