ഇറാഖ് പുനര്‍നിര്‍മാണം: ഖത്തര്‍ 100 കോടി ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചു

 

ദോഹ: ഇറാഖ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. വായ്പയായും നിക്ഷേപമായും 100 കോടി ഡോളറും ലഭ്യമാക്കും. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്്ദുല്‍റഹ്്മാന്‍ അല്‍താനിയാണ് ഇതു സംബന്ധമായ പ്രഖ്യാപനം നടത്തിയത്.
ആഭ്യന്തര യുദ്ധങ്ങളില്‍ കെടുതി നേരിട്ട ഇറാഖില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സഹായം. ഇറാഖ് പുനനിര്‍മാണത്തെ പിന്തുണക്കുന്നതില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പി്‌ന്നോട്ടില്ലെന്നും ഖത്തര്‍.
കുവൈത്തിലെ ഇറാഖ് പുനര്‍നിര്‍മാണം സംബന്ധിച്ച കുവൈത്ത് അന്താരാഷ്ട്ര തല മന്ത്രിതല സമ്മേളനം, ഐസിസിനെതിരായ രാജ്യാന്തര സഖ്യസേനയുടെ പോരാട്ടം സംബന്ധിച്ച യോഗങ്ങളില്‍ പങ്കെടുക്കവെയാണ് രണ്ടു വിഷയങ്ങളിലും ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്.
ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയാണ് രണ്ടു യോഗങ്ങളിലും ഖത്തര്‍ സംഘത്തെ നയിച്ചത്. ഇറാഖില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി വായ്പയായും നിക്ഷേപമായും നൂറ് കോടി ഡോളര്‍ ഖത്തര്‍ നല്‍കും. ഇറാഖ് വിഷയത്തില്‍ പ്രധാന സമ്മേളനത്തിന്റെ ആതിഥേയരായ കുവൈത്ത് അമീറിനും ജനങ്ങള്‍ക്കും ശൈഖ് മുഹമ്മദ് നന്ദി അറിയിച്ചു. അറബ് മേഖലയിലും ആഗോളതലത്തിലും തീവ്രവാദം വലിയ വെല്ലുവിളിയും ഭീഷണിയുമാകുകയാണ്. എല്ലാ രൂപത്തിലുമുള്ള തീവ്രവാദത്തെ എതിര്‍ത്തുകൊണ്ടുള്ള രാജ്യത്തിന്റെ നിലപാടും എല്ലാ തീവ്രവാദ സംഘടനകളേയും നിര്‍മാര്‍ജനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദത്തെക്കുറിച്ചുള്ള യഥാര്‍ഥ വസ്തുത തിരിച്ചറിയാതെയുള്ള ചില അന്താരാഷ്ട്ര സമീപനങ്ങള്‍ ഖേദകരമാണ്. നിരപരാധികളായ പൗരന്മാര്‍ക്ക് നേര്‍ക്കുള്ള യുദ്ധങ്ങളും കലാപങ്ങളും അക്രമണങ്ങളും അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്.
തീവ്രവാദഗ്രൂപ്പുകളെ തുടച്ചുനീക്കാന്‍ ഐസിസിനെതിരെയുള്ള രാജ്യാന്തര സഖ്യം എല്ലാ ശ്രമങ്ങളും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

SHARE