യുവാവ് ക്വാറന്റീനില്‍ കഴിയുന്ന വീടിനു നേരെ ആക്രമണം

വടകര: വിദേശത്തു നിന്നെത്തിയ യുവാവ് ക്വാറന്റീനില്‍ കഴിയുന്ന വീടിനു നേരെ ആക്രമണം. വടകര മേമുണ്ട സ്വദേശി ബബീഷ് താമസിച്ച പാലോളി പാലത്തെ നാറത്ത് വയലില്‍ കൃഷ്ണ ദാസിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്.

അക്രമത്തില്‍ വീടിന്റെ ജനലുകളും വാതിലും തകര്‍ന്നു. ബബീഷിന്റെ ഭാര്യാ പിതാവിന്റേതാണ് ഈ വീട്. ജൂണ്‍ 20നാണ് ഇദ്ദേഹം അബുദാബിയില്‍ നിന്നെത്തിയത്. ഏഴു ദിവസം പെയ്ഡ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞു. അതിനു ശേഷമാണ് പാലോളി പാലത്തെ വീട്ടിലേക്കു താമസം മാറ്റിയത്.

അയല്‍വാസിയായ യുവാവ് ചൊവ്വാഴ്ച രാത്രി മുതല്‍ ഭീഷണി മുഴക്കുന്നതായി ബബീഷ് പറഞ്ഞു. നിനക്ക് ആരാടാ ഭക്ഷണം കൊണ്ടുത്തരുന്നത് അതൊന്നു കാണട്ടെ എന്നെല്ലാം പറഞ്ഞാണ് ഭീഷണിയെന്ന് ബബീഷ് പറയുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബുധനാഴ്ച രാവിലെ 6.30ന് വീട്ടിലേക്ക് അതിക്രമിച്ചു കയറി ജനലുകളും മറ്റും അടിച്ചും എറിഞ്ഞും തകര്‍ത്തത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ അയല്‍വാസി അക്രമം നടത്തുകയായിരുന്നു- ബബീഷ് വ്യക്തമാക്കി. തുടര്‍ന്ന് വടകര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലിസ് കേസെടുത്തു.

SHARE