ബി.ജെ.പി വിട്ട് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പിന്തുണക്കാം; അസം മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ്

ഗുവാഹത്തി: അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനോട് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ ആണ് ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

ജനുവരി 10ന് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നിലവില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ പിറ്റേ ദിവസമാണ് കോണ്‍ഗ്രസ് പ്രതികരണം. സോനോവാളും അദ്ദേഹത്തോടൊപ്പമുള്ള എം.എല്‍.എമാരും ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുകയും സോനോവാള്‍ മുഖ്യമന്ത്രിയായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുകയാണെങ്കില്‍ കോണ്‍ഗ്രസ് പിന്തുണക്കുമെന്നാണ് ദേബബ്രത സൈകിയ പറഞ്ഞത്.

പുതിയ സര്‍ക്കാര്‍ എന്‍.ആര്‍.സി വിരുദ്ധവും ബി.ജെ.പി വിരുദ്ധവും ആയിരിക്കണം. ബി.ജെ.പിയും സഖ്യകക്ഷി അസം ഗണപരിഷത്തും അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അസം അക്കോര്‍ഡ് നടപ്പിലാക്കും എന്ന് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനില്‍ നിന്നുള്ള നിരവധി മന്ത്രിമാരും എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ദേബബ്രത സൈകിയ പറഞ്ഞു.

പൗരത്വ നിയമത്തെ പിന്തുണക്കുന്നത് വഴി സോനോവാള്‍ ജനരോഷത്തെ നേരിടുകയാണ്. അസമിനെ സ്‌നേഹിക്കുന്ന മന്ത്രിമാരും എം.എല്‍.എമാരും നിര്‍ബന്ധമായും ബി.ജെ.പി വിടുകയും അസമിലെ ജനങ്ങളോടൊപ്പം നില്‍ക്കുകയും വേണം. അത് കൊണ്ടാണ് സോനോവാളിനോട് ഇങ്ങനെ ഒരു പദ്ധതി മുന്നോട്ടുവെച്ചതെന്നും ദേബബ്രത സൈകിയ പറഞ്ഞു.

SHARE