‘രാജ്യാഭിമാനവും സ്‌നേഹവും കൊണ്ടും കേരളം മാതൃക’; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കേരളത്തെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധി. കേരളം രാജ്യാഭിമാനവും സ്‌നേഹവും കൊണ്ടും മാതൃകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഇന്നലെ വയനാട്ടില്‍ നിന്ന് മടങ്ങിയതിനെ ശേഷമാണ് ഇന്ന് ട്വിറ്ററില്‍ പ്രതികരിച്ചത്.

വയനാട്ടില്‍ മത്സരിക്കുന്നതില്‍ അഭിമാനമുണ്ട്. പ്രളയം കൊണ്ട് തകര്‍ന്ന വയനാടിനെ പുനര്‍നിര്‍മ്മിക്കും. കേരളം നല്‍കുന്ന സ്‌നേഹം പതിന്‍മടങ്ങ് തിരിച്ചുനല്‍കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഇന്നലെ മുസ്ലിംലീഗിനെക്കുറിച്ചും സി.പി.എമ്മിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് രാഹുല്‍ നല്‍കിയ മറുപടികള്‍ ഇങ്ങനെയായിരുന്നു.

‘..രാജ്യത്തെ സാംസ്‌കാരിക വൈവിധ്യത്തിന്‍മേല്‍ നാഗ്പൂരില്‍ നിന്ന് ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്ന ആക്രമണങ്ങള്‍, ജനാധിപത്യത്തിനെതിരായ ആക്രണമങ്ങള്‍, അതിനെതിരെ ഒരു സന്ദേശം നല്‍കുകയാണ് ഞാന്‍. വ്യത്യസ്ത വിചാര ധാരകള്‍, ഭാഷകള്‍ ഒക്കെ ഉള്ള നാടാണിത്. ഇവിടെ അത് നിലനില്‍ക്കുക തന്നെ വേണം. ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയട്ടെ ‘ മോദിയും യോഗിയും’ ആരോപിക്കുന്ന ഇത്തരം കാര്യങ്ങളെ ഞാന്‍ മുഖവിലക്കെടുക്കുന്നേ ഇല്ല..’രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്ന സി.പി.എമ്മിനും രാഹുല്‍ മറുപടി നല്‍കി. ‘കേരളത്തിലെ എല്ലാവരോടും, സി.പി.എമ്മിലേയും കോണ്‍ഗ്രസിലെയും സഹോദരീ സഹോദരന്മാരോട് എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്: എനിക്കറിയാം കേരളത്തില്‍ പരമ്പരാഗതമായി എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന്, അതങ്ങനെ തന്നെ തുടരും.

എനിക്കറിയാം, സി.പി.എമ്മിനു ശ്രമിക്കാതിരിക്കാനാവില്ല. അവര്‍ക്ക് എനിക്കെതിരെ മത്സരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല എന്ന്. പക്ഷേ ഞാന്‍ സി.പി.എമ്മിനെതിരെ ഒരു വാക്കും പറയില്ല. ഞാനതിനല്ല മത്സരിക്കുന്നത്. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ്, ദക്ഷിണേന്ത്യയും ഇന്ത്യയുടെ ഭാഗമാണെന്ന സന്ദേശം പകരാനാണ് ഞാന്‍ ഇവിടെ നിന്ന് മത്സരിക്കുന്നത്.

സി.പി.എമ്മിനു ശ്രമിക്കാതിരിക്കാന്‍ ആവില്ല എന്നതിനെ ഞാന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു. അവര്‍ എനിക്കെതിരെ നടത്തുന്ന എല്ലാ അക്രമണങ്ങളെയും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. പക്ഷേ പ്രചരണത്തില്‍ ഒരിടത്തും അവര്‍ക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല. നന്ദി’രാഹുല്‍ നിലപാട് വ്യക്തമാക്കി.